KERALAMLATEST NEWS

സ്വകാര്യ ബസ് ജീവനക്കാരെ കുറിച്ചുള്ള എംവിഡിയുടെ റിപ്പോർട്ട് കണ്ട് ഗണേശ് കുമാർ അത്ഭുതപ്പെട്ടു, നാണം കെടുത്തിയത് കെഎസ്ആർടിസി

പത്തനാപുരം: മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആർടിസി ജീവനക്കാരെ പിടികൂടാനുള്ള പരിശോധന കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ. പരിശോധന കർശനമാക്കിയ ശേഷം കെഎസ്ആർടിസിയിൽ അപകടം കുറഞ്ഞിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രധാന്യം നൽകുന്നത്. സ്വകാര്യ ബസ് ജീവനക്കാരെ പരിശോധിച്ചപ്പോൾ ഒരാൾ പോലും മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘പരിശോധന തുടങ്ങിയ ശേഷം കെഎസ്ആർടിസിയിൽ അപകടം കുറഞ്ഞിട്ടുണ്ട്. പരിശോധന ഫലം കാണുന്നു എന്നാണ് മനസിലാക്കേണ്ടത്. കഴിഞ്ഞ ദിവസം കാന്തല്ലൂരിൽ പോയി അഞ്ച് വണ്ടി പരിശോധിച്ചിരുന്നു. അവിടെ പത്ത് ജീവനക്കാരുണ്ടായിരുന്നു. അതിൽ ഒമ്പത് പേരും മദ്യപിച്ചിരിക്കുകയായിരുന്നു. പത്താമത്തെയാൾ ഒരു മാന്യനാണെന്ന് കരുതി ബാഗ് പരിശോധിച്ചപ്പോൾ അതിൽ വലിയൊരു കുപ്പി മദ്യം കണ്ടെത്തി. അവിടെ ഒരു മദ്യപാന സദസ് നടക്കുന്നതായാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്’.

‘എനിക്ക് അത്ഭുതമായി തോന്നിയത്, കേരളത്തിലെ 1009 സ്വകാര്യ ബസുകൾ പരിശോധിച്ചു. അതിൽ ഒരാൾ പോലും മദ്യപിച്ചിരുന്നില്ല. മദ്യത്തിന് പകരം ഇനി വേറെ എന്തെങ്കിലും സാധനമാണോ ഉപയോഗിക്കുന്നത് എന്നറിയില്ല. ആ പരിശോധനയും കർശനമാക്കുകയാണ്. 1009 ബസ് പരിശോധിച്ചപ്പോൾ എംവിഡി ഉദ്യോഗസ്ഥർ പറയുന്നത് ഒരാളെ പോലും പിടിച്ചിട്ടില്ല എന്നാണ്. അതിന്റെ കാരണം, മദ്യപിച്ച് ജോലിക്കെത്തിയാൽ ഉടമസ്ഥൻ വണ്ടിയിൽ കയറ്റില്ല’- മന്ത്രി പറഞ്ഞു.

അതേസമയം, മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവരെ പിടികൂടാൻ പത്തനാപുരം ട്രാൻ. ഡിപ്പോയിൽ കെഎസ്ആർടിസി വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ രണ്ടു ഡ്രൈവർമാർ കുടുങ്ങിയിരുന്നു. പരിശോധന നടത്തുന്നതറിഞ്ഞ് ഡ്യൂട്ടി ഏറ്റിരുന്ന 12 ഡ്രൈവർമാർ മുങ്ങി. ഇതോടെ14 സർവീസുകൾ രാവിലെ മുടങ്ങുകയും ചെയ്തു. കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് ഈ മേഖലകളിലേക്ക് പിന്നീട് അധിക സർവീസുകൾ നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. ഗതാഗത മന്ത്രിയുടെ മണ്ഡലത്തിലാണിത്. ഇവിടെ നിന്ന് തിങ്കളാഴ്ചകളിൽ സാധാരണ 40 സർവീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്.


Source link

Related Articles

Back to top button