KERALAMLATEST NEWS

ഡ്രൈവിംഗിൽ തെറ്റില്ല, പെരുമാറിയത് മോശമായി കെ.എസ്.ആർ.ടി.സി അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: ഡ്രൈവിംഗിൽ തെറ്റില്ലെങ്കിലും ജനപ്രതിനിധിയോട് മോശമായി പെരുമാറിയെന്ന കുറ്റമാണ് ഡ്രൈവർക്കെതിരെ കെ.എസ്.ആർ.ടി.സി അന്വേഷണ റിപ്പോർട്ടിലുള്ളത്. ബസിലെ കണ്ടക്ടറും, മറ്റു യാത്രക്കാരും ബസ് അമിതവേഗത്തിലായിരുന്നുവെന്ന് മൊഴി നൽകിയിട്ടില്ല. കാർ കുറുകെയിട്ട് ഇറങ്ങിയവരാണ് തർക്കത്തിന് തുടക്കമിട്ടതെന്നാണ് യാത്രക്കാർ മൊഴി നൽകിയിട്ടുള്ളത്.
ഡ്രൈവറുമായി തർക്കിക്കുന്നത് എം.എൽ.എയും മേയറുമാണെന്ന് യാത്രക്കാരും കണ്ടക്ടറും വൈകിയാണ് മനസിലാക്കിയത്. മേയറാണെന്ന് വ്യക്തമാക്കിയപ്പോൾ ‘ഏത് സർക്കാർ ഭരിച്ചാലും ശമ്പളം തന്നിട്ട് സംസാരിച്ചാൽ മതി’യെന്ന മറുപടിയാണ് ഡ്രൈവർ പറഞ്ഞത്. ഇതാണ് യദുവിനെതിരെയുള്ള കുറ്റം.
അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനാൽ കെ.എസ്.ആർ.ടി.സി വിജിലൻസ് അതിലേക്ക് കടന്നിട്ടില്ല. റോഡിലുള്ള മറ്റു സ്ഥാപനങ്ങളിലെ ദൃശ്യങ്ങൾ പരിശോധിച്ചാൽ മാത്രമേ ഇതിൽ വ്യക്തത ലഭിക്കുകയുള്ളൂ എന്നാണ് വിജിലൻസിന്റെ നിഗമനം.

ബസിലെ ക്യാമറ സത്യം പറയും,പക്ഷേ…

ഡ്രൈവറും മേയറുമായി തർക്കം നടന്ന കെ.എസ്.ആർ.ടി.സി ബസിൽ മൂന്നു നിരീക്ഷണ ക്യാമറകളുണ്ട്. മേയർ പറയുന്നതാണോ അതോ ഡ്രൈവറും യാത്രക്കാരും പറയുന്നതാണോ ശരിയെന്ന് ഈ ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാകും. പക്ഷേ, പൊലീസ് പരശോധിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ബസിൽ നിന്ന് എപ്പോൾ വേണമെങ്കിലും ദൃശ്യങ്ങൾ നഷ്ടപ്പെടാനിടയുണ്ട്. കെ.എസ്.ആർ.ടി.സി അധികൃതരും ക്യാമറയുടെ കാര്യത്തിൽ നിശബ്ദത പാലിക്കുകയാണ്.
മന്ത്രി കെ.ബി. ഗണേശ്കുമാറിന്റെ നിർദ്ദേശപ്രകാരം അടുത്തിടെ ക്യാമറ ഘടിപ്പിച്ച ബസുകളിലൊന്നാണിത്. മുന്നിലും പിന്നിലും, ബസിന് ഉള്ളിലും ക്യാമറയുണ്ട്. ഒരാഴ്ച ദൃശ്യങ്ങൾ സൂക്ഷിക്കാനാകും. ബസിലെ യാത്രക്കാരെ ആരാണ് ഇറക്കിവിട്ടതെന്ന് തെളിവ് ഈ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഡ്രൈവർ ക്യാബിനിലെ ദൃശ്യങ്ങളും ഇതിലുണ്ട്. ഇവ പരിശോധിച്ചാൽ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാകും. ബസും കാറും തമ്മിൽ എത്രനേരം റോഡിൽ ഒരുമിച്ച് ഓടിയെന്നതിന് തെളിവും ലഭിക്കും. എന്നാൽ ഈ ദൃശ്യങ്ങളൊന്നും തത്കാലം പുറത്തുവിടാനിടയില്ല.


Source link

Related Articles

Back to top button