കിയാരയുടെ പാഠ പുസ്തകം പൊതിഞ്ഞ് മുക്ത; സ്കൂൾ ഒരുക്കങ്ങൾ പങ്കുവച്ച് നടി

മകൾ കിയാരയ്ക്ക് പുതിയ അധ്യയന വർഷത്തിലേക്കുള്ള പാഠ പുസ്തകങ്ങൾ പൊതിയുന്ന ചിത്രം പങ്കുവച്ച് നടി മുക്ത. മക്കൾക്കുവേണ്ടി ചെലവഴിക്കുന്ന ഈ കുഞ്ഞുകുഞ്ഞു നിമിഷങ്ങൾ താൻ ആസ്വദിക്കുന്നുവെന്ന് മുക്ത കുറിച്ചു, സ്കൂൾ തുറക്കുന്നതിനു മുൻപ് വിശുദ്ധ മറിയം ത്രേസ്യയുടെ അനുഗ്രഹം വാങ്ങിയെന്നും മുക്ത പറയുന്നു. മകൾക്കും ഭർത്താവിനുമൊപ്പം മറിയം ത്രേസ്യയുടെ ചാപ്പൽ സന്ദർശിക്കുന്ന ചിത്രങ്ങളും മുക്ത പങ്കുവച്ചിട്ടുണ്ട്.‘‘അമ്മയുടെ ജോലികൾ പൂർണതോതിൽ പുരോഗമിക്കുന്നു. പുതിയ അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും പൊതിയുന്നു. ഈ കുഞ്ഞു കുഞ്ഞു നിമിഷങ്ങൾ ഞാൻ ഏറെ ആസ്വദിക്കുന്നു. സ്കൂൾ തുറക്കുന്നതിനു മുൻപ് വിശുദ്ധ മറിയം ത്രേസ്യയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി. ഹൃദയത്തിൽ ശാന്തിയും സമാധാനവും പ്രത്യാശയും കടപ്പാടുമായി മനോഹരമായൊരു പുതിയ വർഷത്തേക്കുള്ള കാത്തിരിപ്പിലാണ്.’’–മുക്തയുടെ വാക്കുകൾ.കണ്മണി എന്നുവിളിക്കുന്ന കിയാരയ്ക്കും സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. ‘പത്താം വളവ്’ എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടിന്റെ മകളായി അഭിനയിച്ചിട്ടുണ്ട്. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്.
Source link