CINEMA

‘അന്നേ പറഞ്ഞു തിയറ്റർ കത്തുമെന്ന്’; മോഹൻലാലിന്റെ പൊലീസ് സ്റ്റേഷൻ ഫൈറ്റ് മേക്കിങ് വിഡിയോ പുറത്ത്


തിയറ്ററുകളിൽ ആവേശത്തിര ഉയർത്തിയ ‘തുടരും’ സിനിമയിലെ ഫൈറ്റ് ബിടിഎസ് വിഡിയോ പുറത്ത്. ‘ബിഹൈൻഡ് ദി ഫൈറ്റർ’ എന്ന പേരിലാണ് അണിയറപ്രവർത്തകർ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. സംവിധായകന്റെയും നിർമാതാവിന്റെയും എഡിറ്ററിന്റെയുമൊക്കെ വാക്കുകളിലൂടെയാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ‘അടിയടാ അവനെ’ എന്ന് തിയറ്ററുകളിൽ പ്രേക്ഷകർ പറഞ്ഞ രംഗങ്ങൾ അടക്കം ചിത്രീകരിക്കുന്നത് വിഡിയോയിൽ ഉണ്ട്. പൊലീസ് സ്റ്റേഷനിലെ മാസ് ഫൈറ്റിനിടെ ‘ഓക്കെ അല്ലേ സാർ’ എന്ന് മോഹൻലാൽ ചോദിക്കുന്നതും ‘ഡബിൾ ഓക്കെ, തിയറ്റർ കത്തിക്കും’ എന്ന് മറ്റുള്ളവർ പറയുന്നതും വിഡിയോയിൽ ഉണ്ട്. അത് സംഭവിക്കുകയും ചെയ്തു എന്നാണ് കമന്റുകളിൽ ആരാധകർ കുറിക്കുന്നത്. ‘എന്ത് അനായസമായാണ് ഈ പ്രായത്തിലും ലാലേട്ടൻ ആക്ഷൻ ചെയ്യുന്നത്’, ‘ബിടിഎസ് കണ്ടിട്ട് തന്നെ രോമാഞ്ചം’, ‘ഫൈറ്റിന്റെ കാര്യത്തിൽ അല്ലേലും ലാലേട്ടൻ പണ്ടേ പുലിയാ’ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ. ഫൈറ്റിനിടയിൽ ചവിട്ടിയവരെയെല്ലാം അവസാനം മോഹൻലാൽ തൊട്ടു നെറുകയിൽ വയ്ക്കുന്നതും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. സ്റ്റണ്ട് സിൽവയാണ് തുടരും സിനിമയിലെ ഫൈറ്റ് കൊറിയോഗ്രഫർ. കഥ പൂർണമായി കേട്ട് കഥയുടെ വികാരത്തെ മനസ്സിലാക്കിയാണ് സിൽവ ഫൈറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത് എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ക്ലൈമാക്സ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സമയമെടുത്തിരിക്കുന്നത് ഫൈറ്റ് ചെയ്യാനാണെന്നാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ ജേക്സ് ബിജോയ് പറയുന്നത്. ലാലേട്ടന്റെ മാസ് അഡ്രസ്സ് ചെയ്താണ് എല്ലാ സ്കോറും ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 


Source link

Related Articles

Back to top button