അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത; നദികളിൽ പ്രളയ മുന്നറിയിപ്പുള്ളതിനാൽ സൂക്ഷിക്കുക

തിരുവനന്തപുരം: ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്നുമുതൽ നാല് ദിവസത്തേയ്ക്ക് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. നാളെ നാല് ജില്ലകൾക്കാണ് യെല്ലോ അലർട്ടുള്ളത്.
02/06/2025 : കണ്ണൂർ, കാസർകോട്
03/06/2025 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
04/06/2025 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കേരള – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്. ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദികളിൽ പുറപ്പെടുവിച്ച ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നുണ്ട്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിർദേശം. നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാദ്ധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും നിർദേശമുണ്ട്.
ഓറഞ്ച് അലർട്ട്
പത്തനംതിട്ട: മണിമല (തോന്ദ്ര സ്റ്റേഷൻ)
മഞ്ഞ അലർട്ട്
ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ)
കാസർകോട്: മൊഗ്രാൽ (മധുർ സ്റ്റേഷൻ)
കോട്ടയം: മീനച്ചിൽ (പേരൂർ സ്റ്റേഷൻ)
പത്തനംതിട്ട: അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ & കോന്നി ജിഡി സ്റ്റേഷൻ)
Source link