പേഴ്സ് എങ്ങനെ ഡിക്കിയിൽ വന്നു?; ഷൺമുഖനെ കുറിച്ച് മകൻ പറഞ്ഞ വാക്കുകൾ അറം പറ്റിയോ?

തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന മോഹൻലാൽ ചിത്രം മലയാള സിനിമകളുടെ സകല റെക്കോർഡുകളും ഭേദിച്ച് മുന്നേറുകയാണ്. മലയാളികളെ ഒന്നടങ്കം തിയറ്ററിലെത്തിച്ച സിനിമ എന്ന് അവകാശപ്പെടാവുന്ന ചിത്രം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച് മുന്നോട്ടുള്ള കുതിപ്പ് തുടരുകയാണ്. ചിത്രത്തിൽ ബെൻസ് എന്ന കഥാപാത്രത്തിന്റെ മകൻ കൊല്ലപ്പെട്ടത് ഒട്ടൊന്നുമല്ല മലയാളികളുടെ ഉള്ളുലച്ചത്. പക്ഷേ ബെൻസിന്റെ കാറിന്റെ ഡിക്കിയിൽ നിന്ന് തന്നെ മകന്റെ പേഴ്സ് കിട്ടുമ്പോൾ പ്രേക്ഷകരിൽ അവശേഷിച്ചത് ആ ചോദ്യമാണ്, ഉടുതുണിയില്ലാതെ ചാക്കിലാക്കി വലിച്ചെറിഞ്ഞ പയ്യന്റെ പേഴ്സ് എങ്ങനെ കാറിന്റെ ഡിക്കിയിൽ വന്നു?. സംവിധായകൻ തരുൺ മൂർത്തിക്ക് പിഴച്ചോ?. സിനിമ റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോൾ സിനിമയിലെ ചില ചോദ്യങ്ങൾക്ക് മറുപടിയുമായി സംവിധായകൻ തന്നെ എത്തിയിരിക്കുകയാണ്. കാർത്തിക്ക് സൂര്യയുടെ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനിമയിലെ ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവങ്ങൾക്ക് നിമിത്തമായ ചില കാര്യങ്ങൾ സിനിമയിൽ നേരത്തെ തന്നെ ഒളിപ്പിച്ചിട്ടുണ്ട് എന്ന് തരുൺ മൂർത്തി തുറന്നുപറഞ്ഞത്. ‘ബെൻസിന്റെ കാറിന്റെ ഡിക്കിയിൽ എങ്ങനെ മകന്റെ പേഴ്സ് വന്നു എന്നതിന് ഉത്തരം സിനിമയിൽ തന്നെയുണ്ട്. ബെന്നി എന്ന പൊലീസുകാരൻ ബെൻസിനെയും സുധീഷിനെയുമൊക്കെ അന്വേഷിച്ച് നടക്കുന്ന സീനിൽ കുട്ടിച്ചന്റെ വർക്ക് ഷോപ്പിൽ ചെല്ലുന്നുണ്ട്. അവിടെ ടിവിയിൽ ചാക്കിൽ കെട്ടിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തി എന്ന ന്യൂസ് കാണിക്കുന്നുണ്ട്. ആ വാർത്തയിൽ വളരെ കൃത്യമായി പറയുന്നുണ്ട് ചാക്കിൽ നിന്ന് കിട്ടിയ യൂണിഫോമിന്റെ അവശിഷ്ടങ്ങളിൽ നിന്ന് പൊലീസ് അന്വേഷണം തുടങ്ങി എന്ന്. അപ്പോൾ അതിനർഥം ചാക്കിൽ അവർ കുട്ടിയുടെ യൂണിഫോമും ഒളിപ്പിച്ചിട്ടുണ്ട്. ആ യൂണിഫോമിന്റെ പോക്കറ്റിൽ നിന്ന് ഡിക്കിയിൽ വീണതാകാം പേഴ്സ്. അവസാനം ബോഡി വലിച്ച് കൊണ്ടുപോകുന്ന ബെന്നി യൂണിഫോം കൂടെ കൊണ്ടുപോകുന്നുണ്ട്. ഇതെല്ലം പ്രേക്ഷകർ മനസ്സിലാക്കട്ടെ എന്നുകരുതി തന്നെയാണ് സ്പൂൺ ഫീഡിങ് വേണ്ട എന്ന് തീരുമാനിച്ചത്. പിന്നെ പേഴ്സ് പുറത്തു വന്നത് എങ്ങനെ എന്നുചോദിച്ചാൽ ബോഡി കൊണ്ട് പോകുമ്പോൾ ചാക്ക് കീറിയിട്ടുണ്ട് അതിൽ നിന്നാണ് കാല് പുറത്തേക്ക് വന്നത്. അപ്പോൾ അതിന് അകത്ത് ഒരു ഓട്ട ഉണ്ട്. അതുവഴി പേഴ്സ് കാറിലേക്ക് വീണതാണ് എന്ന് വളരെ വ്യക്തമാണ്. ബെൻസിന്റെ കാർ കാരണം അവർ നശിച്ചുപോകും എന്നും നേരത്തെ തന്നെ സിനിമയിൽ പറഞ്ഞു വയ്ക്കുന്നുണ്ട്. ബെന്‍സ് മണിയനെ അന്വേഷിച്ച് വീട്ടില്‍ പോകുന്നുണ്ട്. ആ സീന്‍ കണ്ട് നമ്മളെല്ലാവരും ചിരിച്ചു. ആ സീനില്‍ മണിയന്റെ അമ്മയുടെ അടുത്തുവന്ന് ബെന്‍സ് ചോദിക്കും, ‘മണിയന്റമ്മേ എന്റെ വണ്ടി’ എന്ന്. ‘ഫ്ഭാ, ഇറങ്ങിപ്പോടാ നാറീ’ എന്നു പറഞ്ഞ് അവർ ബെൻസ് പോകുമ്പോൾ പ്രാകി ആണ് വിടുന്നത്. ‘നീയും നിന്റെ വണ്ടിയും നശിച്ച് നാറാണക്കല്ലെടുക്കുമെടാ’ എന്നൊരു പ്രാക്കുണ്ട്. ആ പ്രാക്കില്‍ ഉണ്ട് ബാക്കി എല്ലാം.
Source link