ഇന്ത്യൻ നീക്കം ഫലിച്ചു; പാക്ക് അനുകൂല പ്രസ്താവന പിൻവലിച്ച് കൊളംബിയ

ന്യൂഡൽഹി ∙ ഓപ്പറേഷൻ സിന്ദൂറിനിടെ കൊല്ലപ്പെട്ട പാക്കിസ്ഥാൻ സ്വദേശികൾക്ക് അനുശോചനമറിയിച്ച് കൊളംബിയൻ സർക്കാർ നടത്തിയ പ്രസ്താവന പിൻവലിച്ചു. കേന്ദ്ര ദൗത്യത്തിന്റെ ഭാഗമായി കൊളംബിയ സന്ദർശിച്ച ശശി തരൂർ എംപിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യൻ നിലപാടു നേരിട്ടു വ്യക്തമാക്കിയതിനു പിന്നാലെയാണു തീരുമാനം. പാക്ക് പൗരൻമാർക്ക് അനുശോചനം അറിയിച്ചു മേയ് 8ന് കൊളംബിയ നടത്തിയ പ്രസ്‌താവനയിലുള്ള നിരാശ വിദേശകാര്യ ഉപമന്ത്രി റോസ യോലാൻഡ വില്ലാവിസെൻസിയോ ഉൾപ്പെടെയുള്ളവരുമായുള്ള കൂടിക്കാഴ്ചയിൽ സംഘം അറിയിച്ചു. തുടർന്ന് ഈ പ്രസ്താവന പിൻവലിക്കുമെന്നു മന്ത്രി ഉറപ്പു നൽകിയതായി ശശി തരൂർ പ്രതികരിച്ചു. അതേസമയം ഇക്കാര്യത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗികമായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇന്ത്യൻ സംഘം നൽകിയ വിശദീകരണത്തിൽ പൂർണ വിശ്വാസമുണ്ടെന്നും സംഭവത്തിന്റെ യഥാർഥ ചിത്രം മനസ്സിലാക്കാൻ സാധിച്ചുവെന്നും കൊളംബിയ വിദേശകാര്യ ഉപമന്ത്രി വില്ലാവിസെൻസിയോ പ്രതികരിച്ചു.
Source link