ശക്തമായ ഒഴുക്കിൽ നിയന്ത്രണം വിട്ട് വാട്ടർ മെട്രോ; റോ-റോ ജങ്കാറിൽ തട്ടി അപകടം

കൊച്ചി: ശക്തമായ ഒഴുക്കിൽ കൊച്ചി വാട്ടർ മെട്രോ അപകടത്തിൽപ്പെട്ടു. വൈപ്പിനിൽ നിർത്തിയിട്ടിരുന്ന റോ-റോ ജങ്കാറിൽ തട്ടിയാണ് അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് അപകടമെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ ഇത് പൂർണമായും സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. മറ്റൊരു ബോട്ടിന്റെ സഹായത്തോടെയാണ് അപകടത്തിലായ മെട്രോയിൽ നിന്നും യാത്രക്കാരെ പുറത്തെത്തിച്ചത്.
ഹൈക്കോടതിയിൽ നിന്നും വൈപ്പിൻ ഭാഗത്തേക്ക് സർവീസ് നടത്തുന്ന മെട്രോയാണ് അപകടത്തിലായത്.റോ-റോയുടെ കൈവരിയിൽ ബോട്ട് ശക്തമായി ഇടിച്ചതിനെ തുടർന്ന് ബോട്ടിനും കൈവരിക്കും കേടുപാടുകൾ സംഭവിച്ചു. ഒഴുക്ക് കുറയാത്തതിനാൽ ഹൈക്കോടതി റൂട്ടിലേക്കുള്ള സർവീസുകൾ രണ്ട് മണിക്കൂറോളമാണ് തടസപ്പെട്ടത്. പിന്നീട് ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞ് സർവീസ് പുനരാരംഭിച്ചു. സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി കെഎംആർഎൽ അറിയിച്ചു.
Source link