KERALAM

മത്സരിക്കില്ല എന്ന അൻവറിന്റെ തീരുമാനം നല്ലത്; ഇനി കാത്തിരിക്കാൻ നിവൃത്തിയില്ലെന്ന് കെ മുരളീധരൻ

മലപ്പുറം: പി വി അൻവർ യു ഡി എഫിനൊപ്പം നിൽക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മത്സരിക്കില്ല എന്ന അൻവറിന്റെ തീരുമാനം നല്ലതാണ്. ഇനി കാത്തിരിക്കാൻ നിവൃത്തിയില്ലെന്നും ആരും അൻവറിന് മുന്നിൽ വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ആര് കൂടെയുണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങൾക്ക് നിലമ്പൂർ ജയിച്ചേ പറ്റൂ. ഞങ്ങൾ മുന്നോട്ടുനീങ്ങുകയാണ്. ഒരു ഭാഗത്ത് സി പി എം – ബി ജെ പി ബന്ധം നിലനിൽക്കുന്നു, പിണറായി വിജയന്റെ ഒൻപത് വർഷത്തെ ഭരണം, ഇതൊന്നും ചർച്ച ചെയ്യാതെ ഒരു വ്യക്തിയെ മാത്രം ശ്രദ്ധിച്ചാൽ ശരിയാകില്ല. അൻവറിന് എപ്പോൾവേണമെങ്കിലും പുനഃപരിശോധിക്കാം. യു ഡി എഫ് സ്ഥാനാർത്ഥിയെ അംഗീകരിച്ചുകൊണ്ട് കടന്നുവരാം. പക്ഷേ ഞങ്ങൾക്ക് കാത്തിരിക്കാൻ നിവൃത്തിയില്ല. ഞങ്ങളുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. ആരും വാതിൽ കൊട്ടിയടക്കുന്നില്ല.’- അദ്ദേഹം പറഞ്ഞു.

അൻവർ ഒപ്പമുണ്ടാകുമെന്നാണ് അവസാന നിമിഷം വരെ പ്രതീക്ഷയെന്ന് യു ഡി എഫ് കൺവീനർ അടൂർ പ്രകാശും പ്രതികരിച്ചിരുന്നു. അതേസമയം, മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും തന്റെ കൈയിൽ പണമില്ലെന്നുമാണ് പി വി അൻവർ പറയുന്നത്. കോടികൾ വരുമാനമുണ്ടായിരുന്നു. ഇപ്പോൾ സാമ്പത്തികമായി തകർന്നു. തന്നെ പിന്തുണയ്ക്കുന്നവർക്ക് മനസാക്ഷി വോട്ടുചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. സതീശൻ നയിക്കുന്ന യു ഡി എഫിലേക്ക് ഇനിയില്ലെന്നാണ് അൻവറിന്റെ തീരുമാനം.


Source link

Related Articles

Back to top button