ട്രംപിന് അപ്പീൽ കോടതിയിൽ ആശ്വാസം; തീരുവ ചുമത്തുന്നത് തുടരാം

വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ട്രംപിന് വിദേശരാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തുന്നതു തുടരാം. തീരുവ ചുമത്തുന്നതു തടഞ്ഞ് ന്യൂയോർക്കിലെ അന്താരാഷ്ട്ര വാണിജ്യ കാര്യങ്ങൾക്കുള്ള കോടതി ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവ് അപ്പീൽ കോടതി മരവിപ്പിച്ചു. ട്രംപ് ഭരണകൂടം സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണു നടപടി. കേസിൽ തീരുമാനമുണ്ടാകുന്നതുവരെ ട്രംപിന് തീരുവ ചുമത്തുന്നതു തുടരാമെന്നാണ് അപ്പീൽ കോടതി വ്യക്തമാക്കിയത്.
ജനുവരിയിൽ അധികാരമേറ്റതു മുതൽ ട്രംപ് ചുമത്തിയ തീരുവകളിൽ ഭൂരിഭാഗവും ന്യൂയോർക്ക് കോടതിയുടെ ഉത്തരവോടെ അസാധുവായിരുന്നു. എന്നാൽ വിദേശ-വാണിജ്യ നയങ്ങൾ കോടതിയല്ല, രാഷ്ട്രീയ നേതൃത്വമാണു തീരുമാനിക്കേണ്ടതെന്നു ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടം അപ്പീൽ നല്കിയത്. യുഎസ് സർക്കാർ മാസങ്ങളായി നടത്തുന്ന വാണിജ്യചർച്ചകൾ അവതാളത്തിലാക്കുന്നതാണ് ന്യൂയോർക്ക് കോടതിയുടെ വിധിയെന്നും ചൂണ്ടിക്കാട്ടി.
Source link