ബിആർഎസിനെ ബിജെപിയിൽ ലയിപ്പിക്കാൻ ഗൂഢാലോചന നടന്നു: കെ. കവിത

ഹൈദരാബാദ്: സ്വന്തം പാർട്ടിനേതാക്കൾക്കെതിരേ ആഞ്ഞടിച്ച് തെലുങ്കാന പ്രതിപക്ഷ പാർട്ടി ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് കെ. കവിത. ബിആർഎസിനെ ബിജെപിയിൽ ലയിപ്പിക്കാൻ ഗൂഢാലോചന നടന്നതായി അവർ ആരോപിച്ചു. അത്തരത്തിലുള്ള തീരുമാനം തിടുക്കത്തിൽ എടുക്കരുതെന്ന് ജയിൽനിന്നു താൻ പാർട്ടി അധ്യക്ഷനും പിതാവുമായ കെ. ചന്ദ്രശേഖര്‍ റാവുവിനെ അറിയിച്ചതായും കവിത പറഞ്ഞു. “പാർട്ടിയിലെ ചില നേതാക്കൾ ബിജെപിയിൽ ബിആർഎസ് ലയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഞാൻ ജയിലിലായിരുന്നപ്പോൾ പോലും ലയന നിർദേശം എന്റെ അടുക്കലെത്തി. ഞാൻ അതിനെ പൂർണമായും എതിർത്തു. തെലുങ്കാനയുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ബിആർഎസ് സ്വതന്ത്രമായി തുടരണമെന്നാണ് എന്റെ അഭിപ്രായം”- കവിത പറഞ്ഞു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തന്റെ പരാജയത്തിനു പിന്നിൽ പാർട്ടിക്കുള്ളിൽത്തന്നെയുള്ള ശക്തികളാണെന്നും കവിത ആരോപിച്ചു. കെ.സി.ആറിന് എഴുതിയ കത്ത് ചോർന്നതിനു പിന്നാലെയാണ് കവിത രൂക്ഷവിമർശവുമായി രംഗത്തെത്തിയത്. കത്ത് ചോർത്തിയ വ്യക്തിയെ പാർട്ടി വെളിപ്പെടുത്തണമെന്ന് കവിത ആവശ്യപ്പെട്ടു.
Source link