ബിആർഎസിൽ ആഭ്യന്തരകലഹം; സഹോദരനെതിരെ ഒളിയമ്പുമായി കെസിആറിന്റെ മകൾ കവിത

ഹൈദരാബാദ് ∙ തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി പാർട്ടിയിൽ (ബിആർഎസ്) ഉൾപ്പോര് മുറുകുന്നു. ബിആർഎസിനെ ബിജെപിയിൽ ചേർക്കാൻ ചിലർ ശ്രമിക്കുകയാണെന്നു പാർട്ടി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖരറാവുവിന്റെ (കെസിആർ) മകൾ കെ.കവിത ആരോപിച്ചു. സഹോദരനും ബിആർഎസ് വർക്കിങ് പ്രസിഡന്റുമായ കെ.ടി.രാമറാവുവിനെതിരെയാണു കവിതയുടെ ഒളിയമ്പ്. നിലവിൽ നിസാമാബാദിൽനിന്നുള്ള ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമാണു കവിത.ഡൽഹി മദ്യനയ കേസിൽ താൻ ജയിലിലായിരുന്നപ്പോൾ ഇതു സംബന്ധിച്ച പദ്ധതി അറിയിച്ചിരുന്നെന്നും അപ്പോൾത്തന്നെ അതു നിരാകരിച്ചെന്നും കവിത പറഞ്ഞു. ബിആർഎസ് തെലങ്കാനയുടെ സത്ത ഉൾക്കൊള്ളുന്ന പാർട്ടിയാണ്. ഒരു ദേശീയ പാർട്ടിയുമായി അതിനെ ലയിപ്പിക്കരുത്. ബിആർഎസിൽ വലിയ ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്നും കവിത പറഞ്ഞു. യുഎസിലും ബ്രിട്ടനിലും യാത്ര നടത്തുന്ന രാമറാവുവിനെ പേരെടുത്ത് പറയാതെ കവിത വിമർശിച്ചു. ഇവിടെ ഒന്നും ചെയ്യാതെ നിങ്ങൾ യുഎസിൽ എന്താണ് ആഘോഷിക്കുന്നതെന്നായിരുന്നു പരാമർശം. രാമറാവുവും പാർട്ടിയും ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.
Source link