KERALAM

“വി ഡി സതീശന്റെ ലക്ഷ്യം എന്നെ ഒതുക്കൽ”; രൂക്ഷവിമർശനവുമായി പി വി അൻവർ

മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ. താനുമായുള്ള ചർച്ച എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വേണ്ടെന്നുവച്ചത് വി ഡി സതീശൻ രാജി ഭീഷണി മുഴക്കിയതുകൊണ്ടാണെന്നും, തന്നെ ഒതുക്കാനാണ് സതീശൻ ശ്രമിക്കുന്നതെന്നും അൻവർ ആരോപിച്ചു.


‘വി ഡി സതീശനുമായി യാതൊരു പ്രശ്നവുമില്ല. എന്നിട്ടും എന്നോട് ഈ കാണിക്കുന്നതിൽ നിഗൂഢമായ ലക്ഷ്യമുണ്ട്. അതെന്താണെന്ന് അന്വേഷിക്കുകയാണ്. കാര്യം എന്താണെന്ന് ഏകദേശം മനസിലായിട്ടുണ്ട്. അൻവറിനെ കൊല്ലുകയാണ് സതീശൻ ഈ തിരഞ്ഞെടുപ്പ് കൊണ്ട് ലക്ഷ്യംവയ്‌ക്കുന്നത്. ആ ചതിക്കുഴിയിലേക്ക് ഞാനില്ല.’- അദ്ദേഹം പറഞ്ഞു.


‘ഇന്നലെ പി കെ കുഞ്ഞാലിക്കുട്ടി ഫോണിൽ വിളിച്ചു. കെ സി വേണുഗോപാലിന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. അതിനായി അഞ്ച് മണിക്ക് കോഴിക്കോട് പോയി. ഏഴേ മുക്കാൽ വരെ കോഴിക്കോട് ടൗണിൽ കാത്തിരുന്നു. ഒടുവിൽ കുറച്ച് ധൃതിയുണ്ടെന്നും പിന്നീട് സംസാരിക്കാമെന്നുമാണ് വേണുഗോപാൽ പറഞ്ഞത്. എന്നോട് സംസാരിച്ചാൽ രാജിവയ്ക്കുമെന്ന് വി ഡി സതീശൻ, കെ സി വേണുഗോപാലിനെ ഭീഷണിപ്പെടുത്തിയെന്നാണ് കോൺഗ്രസ് നേതാക്കൾ എന്നോട് പറഞ്ഞത്. ഇനി എനിക്കുവേണ്ടി ആരോടും സംസാരിക്കേണ്ടെന്ന് ഞാൻ കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തോട് എനിക്ക് കടപ്പാടുണ്ട്.’- അൻവർ വ്യക്തമാക്കി. അതേസമയം, താൻ തത്ക്കാലം നയം വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button