കൈകുഞ്ഞുള്ള നടി കൃത്യമായ ജോലി സമയം ആവശ്യപ്പെടുന്നതിൽ തെറ്റെന്ത്: ദീപികയെ പിന്തുണച്ച് അമല പോൾ

‘സ്പിരിറ്റ്’ എന്ന ചിത്രത്തിൽ നിന്ന് നടി ദീപിക പദുക്കോൺ പിന്മാറിയ വിഷയത്തിൽ ദീപികയെ പിന്തുണച്ച് നടി അമല പോൾ. കൈക്കുഞ്ഞിന്റെ അമ്മയായ ഒരു സ്ത്രീക്ക് ദിവസത്തിൽ ആറു മണിക്കൂർ മാത്രമെ ജോലി ചെയ്യാൻ കഴിയുകയുള്ളുവെന്നും അതിനുള്ള സാഹചര്യം ഒരുക്കി തരണമെന്ന് ആവശ്യപ്പെടുന്നതിൽ തെറ്റില്ല എന്നും അമല പോൾ വ്യക്തമാക്കി. ഒരു ബോളിവുഡ് ഫിലിം ജേണലിസ്റ്റിന്റെ പോസ്റ്റ് പങ്കുവച്ചാണ് അമല പിന്തുണ അറിയിച്ചത്. ഇന്ത്യന് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സ്പിരിറ്റ്’. ചിത്രത്തിൽ പ്രഭാസിന്റെ നായികയായി കാസ്റ്റ് ചെയ്തിരുന്നത് ദീപിക പദുക്കോണിനെ ആയിരുന്നു. എന്നാൽ ദീപിക മുന്നോട്ട് വച്ച ഡിമാൻഡുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് അണിയറപ്രവർത്തകർ അവരെ സിനിമയിൽ നിന്ന് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ. കൈക്കുഞ്ഞിന്റെ അമ്മയായ ദീപികയ്ക്ക് നേരിടേണ്ടി വന്ന അനീതിക്കെതിരെ വ്യാപക പ്രതിക്ഷേധം ഉയരുന്നതിനിടെയാണ് താരത്തെ പിന്തുണച്ചുകൊണ്ട് അമല പോൾ എത്തിയത്. ഗർഭിണിയായശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു നടി ദീപിക പദുക്കോൺ. കഴിഞ്ഞ സെപ്റ്റംബറിലാണ് ദീപിക ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ദുആ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് ഏഴു മാസം ആയതോടെ നടി അഭിനയത്തിലേക്ക് തിരികെ വരാൻ തയാറെടുക്കുകയായിരുന്നു. അതിനിടെയാണ് പുതിയ വിവാദം. സ്പിരിറ്റിൽ അഭിനയിക്കാൻ വൻ ഡിമാൻഡുകളാണ് ദീപിക മുന്നോട്ട് വച്ചതെന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. ഒരു ദിവസത്തിൽ ആറു മണിക്കൂർ മാത്രമേ ഷൂട്ട് ചെയാൻ കഴിയൂ എന്നും 20 കോടി പ്രതിഫലത്തിനു പുറമെ സിനിമയുടെ ലാഭവിഹിതവും വേണമെന്നായിരുന്നു ദീപികയുടെ ആവശ്യം. ഇതോടെ അണിയറ പ്രവർത്തകർ ദീപികയെ ചിത്രത്തിൽ നിന്ന് മാറ്റി പകരം ‘അനിമൽ’ താരം തൃപ്തി ദിമ്രിയെ കാസ്റ്റ് ചെയ്യുകയായിരുന്നു. ‘അനിമൽ’ എന്ന രൺബീർ കപൂർ ചിത്രത്തിന്റെ സംവിധായകൻ സന്ദീപ് റെഡ്ഡി വാംഗെയാണ് സ്പിരിറ്റ് സംവിധാനം ചെയ്യുന്നത്. ദീപികയെ ഒഴിവാക്കിയ ‘സ്പിരിറ്റ്’ സിനിമയുടെ അണിയറപ്രവർത്തകരോട് വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടും താരത്തെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി. ദീപികയുടെ ഡിമാൻഡുകളെ ‘അൺപ്രഫഷനൽ’ എന്നു വിളിക്കാനാവില്ലെന്ന് അമല പോൾ പറയുന്നു. എട്ടു മാസം മാത്രം പ്രായമുള്ള ഒരു കൈകുഞ്ഞ് ഉള്ള നടി കൃത്യമായൊരു ജോലി സമയം ആവശ്യപ്പെടുന്നതിൽ എന്താണ് തെറ്റ് എന്നാണ് അമല പോൾ ചോദിക്കുന്നത്. ദീപികയുടെ ആവശ്യത്തോട് യോജിച്ചാലും ഇല്ലെങ്കിലും അവരെ അൺപ്രഫഷനൽ എന്ന് മുദ്ര കുത്താൻ അവകാശമില്ല. അവരുടെ കരിയറും അമ്മയെന്ന പദവിയും ബാലൻസ് ചെയ്ത് കൊണ്ടുപോകാൻ വേണ്ടിയാണ് അവർ അത്തരമൊരു ആവശ്യം മുന്നോട്ട് വച്ചതെന്ന് അമല പോൾ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ഒപ്പം ഡീസന്റ് ഷൂട്ടിങ് അവേഴ്സ് എന്ന ഹാഷ്ടാഗും അമല ചേർത്തിട്ടുണ്ട്. നടി അമലയും ഒരു കൈക്കുഞ്ഞിന്റെ അമ്മയാണ്. പൂർണ്ണ ഗർഭിണിയായിരുന്നപ്പോഴും തന്റെ തൊഴിലിനായി സമയം കണ്ടെത്തിയ താരമായിരുന്നു അമല പോൾ. നിറവയറിലും സിനിമ പ്രമോഷന് എത്തിയ അമല പോൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. തിരക്കിട്ട സിനിമാ ജീവിതത്തിനിടയിൽ പോലും കുഞ്ഞിന് വേണ്ടി സമയം മാറ്റിവയ്ക്കാൻ അമല എപ്പോഴും ശ്രമിക്കാറുണ്ട്. ഭർത്താവ് ജഗത്തിന്റെ പിന്തുണയും അമലയ്ക്ക് വേണ്ടുവോളമുണ്ട്.
Source link