INDIA

‘എന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു; പറഞ്ഞത് ഭീകരാക്രമണത്തെ കുറിച്ച്, വിമർശകർക്ക് സ്വാഗതം’


പാനമ∙ പ്രതിനിധി സംഘത്തിന്റെ പാനമ സന്ദർശനത്തിനിടെ നടത്തിയ പ്രസംഗത്തെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി ശശി തരൂർ എംപി. തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടെന്നും താൻ പറഞ്ഞത് ഭീകരാക്രമണത്തെ കുറിച്ചാണെന്നും അല്ലാതെ മുൻപ് നടന്ന യുദ്ധങ്ങളെ കുറിച്ചല്ലെന്നും ശശി തരൂർ എക്സിൽ കുറിച്ചു. വിമർശകരെ താൻ സ്വാഗതം ചെയ്യുന്നതായും ഇനിയും ഒരുപാട് മികച്ച കാര്യങ്ങൾ തനിക്ക് ചെയ്ത് തീർക്കാനുണ്ടെന്നും തരൂർ പറഞ്ഞു. പാനമയിലെ പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിനു ശേഷം കൊളംബിയയിലേക്ക് പുറപ്പെടുന്നതിനിടെയാണ് ശശി തരൂർ വിവാദങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയത്. ‘‘എനിക്ക് ഇതിനൊന്നും സമയമില്ല. നിയന്ത്രണ രേഖയിൽ ഉടനീളം ഇന്ത്യ നടത്തിയ വീര പ്രവർത്തികളെ കുറിച്ച് ഞാൻ പറഞ്ഞിരുന്നു. എന്റെ വാക്കുകൾക്കെതിരെ ആക്രോശിക്കുന്ന തീവ്രചിന്താഗതിക്കാർ അറിയുന്നതിനായി, ഇന്ത്യ നേരിട്ട ഭീകരവാദ ആക്രമണങ്ങൾക്ക് നൽകിയ പ്രതികാര നടപടികളെക്കുറിച്ചു മാത്രമാണ് ഞാൻ വ്യക്തമായി സംസാരിച്ചത്, അല്ലാതെ മുൻകാലങ്ങളിൽ സംഭവിച്ച യുദ്ധങ്ങളെക്കുറിച്ചല്ല. അടുത്തകാലത്തായി നടന്ന ഭീകരാക്രമണങ്ങളെ കുറിച്ചായിരുന്നു എന്റെ പരാമർശം. ഇവയ്ക്കുള്ള ഇന്ത്യയുടെ മറുപടി നിയന്ത്രിതവും സംയമനം പാലിച്ചുകൊണ്ടുമായിരുന്നു. അതും നിയന്ത്രണ രേഖയും രാജ്യാന്തര അതിർത്തിയും മാനിച്ചു കൊണ്ട്. എന്നാൽ പതിവുപോലെ, വിമർശകർ എന്റെ വീക്ഷണങ്ങളെയും വാക്കുകളെയും വളച്ചൊടിച്ചു. ഞാൻ അതിനെ സ്വാഗതം ചെയ്യുന്നു. എനിക്ക് ഇനിയും ഒരുപാട് മികച്ച കാര്യങ്ങൾ ചെയ്യാനുണ്ട്. ശുഭരാത്രി.’’ – ശശി തരൂർ എക്സിൽ കുറിച്ചു. 


Source link

Related Articles

Back to top button