മണിപ്പുരിൽ ജനകീയ സർക്കാർ ആവശ്യവുമായി എംഎൽഎമാർ

ന്യൂഡൽഹി ∙ രാഷ്ട്രപതി ഭരണത്തിലുള്ള മണിപ്പുരിൽ ‘ജനകീയ സർക്കാർ’ രൂപീകരിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് 10 എംഎൽഎമാർ ഗവർണറെ കണ്ട് ആവശ്യപ്പെട്ടു. മൊത്തം 44 എംഎൽഎമാരുടേതാണ് ആവശ്യമെന്ന് വ്യക്തമാക്കിയ ഇവർ 22 എംഎൽഎമാർ ഒപ്പിട്ട രേഖയും ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് നൽകി. എന്നാൽ, ഇപ്പോൾ രാഷ്ട്രപതി ഭരണം പിൻവലിക്കാൻ കേന്ദ്ര സർക്കാരോ പാർട്ടിയോ താൽപര്യപ്പെടുന്നില്ലെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു.എംഎൽഎമാരുടേത് അനൗപചാരിക സന്ദർശനം മാത്രമായിരുന്നുവെന്നാണ് കേന്ദ്ര നേതാക്കൾ അവകാശപ്പെട്ടതെങ്കിലും സർക്കാർ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടതായി രാജ്ഭവൻ വ്യക്തമാക്കി. ബിജെപിയുടെ 8 പേർ, എൻപിപിയുടെ 2 പേർ, ഒരു സ്വതന്ത്ര എംഎൽഎ എന്നിവരാണ് ഗവർണറെ കണ്ടത്. ബിജെപിയുടെ 7 എംഎൽഎമാർ ഉൾപ്പെടെ 10 കുക്കി എം എൽഎമാരുടെ പിന്തുണ ഈ നീക്കത്തിനില്ലെന്നു രാജ്ഭവനിലെത്തിയ സംഘം പറഞ്ഞു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം തുടരണമെന്നാണ് കുക്കികളുടെ ആവശ്യം.
Source link