സോഫിയ ഖുറേഷിക്കെതിരായ പരാമർശം ; അന്വേഷണം പുരോഗമിക്കുന്നതായി മധ്യപ്രദേശ് സർക്കാർ

ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരേ വിവാദ പരാമർശം നടത്തിയ മധ്യപ്രദേശിലെ ബിജെപി മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരായ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന് മധ്യപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ. സുപ്രീംകോടതിയുടെ നിർദേശപ്രകാരം കേസ് അന്വേഷിക്കാൻ ഐപിഎസ് ഉദ്യോഗസ്ഥരടങ്ങുന്ന മൂന്നംഗസംഘത്തെ നിയോഗിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും സംസ്ഥാനത്തിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കഴിഞ്ഞ 21 ന് പ്രത്യേക അന്വേഷണ സംഘം ഷാ വിവാദ പരാമർശം നടത്തിയ സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു. സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയും മന്ത്രിയുടെ മൊബൈൽഫോണ്‍ പരിശോധിക്കുകയും ചെയ്തതായും ഭോപ്പാൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ കോടതിയിൽ സമർപ്പിച്ച തത്സ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കി.
അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാൽ കൂടുതൽ സമയം നൽകണമെന്ന് മധ്യപ്രദേശ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച ജസ്റ്റീസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് അടുത്ത തവണ വാദം കേൾക്കുന്പോൾ നിലവിലെ തത്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. ഷായുടെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് തുടരാനും മധ്യപ്രദേശ് ഹൈക്കോടതി ആരംഭിച്ച നടപടികൾ നിർത്തിവയ്ക്കാനും സുപ്രീംകോടതി ഇന്നലെ നിർദേശിച്ചു. സുപ്രീംകോടതി കേസ് ഏറ്റെടുത്ത സാഹചര്യത്തിലാണു ഹൈക്കോടതി നടപടികൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത്. മറ്റൊരു ദിവസം കേസിൽ വാദം തുടരും.
Source link