KERALAM

മഴക്കാലമാണ്; കേരളത്തിൽ കാണുന്ന ഈ നാല് പാമ്പുകളെ സൂക്ഷിക്കുക

മഴക്കാലമായാൽ ജനങ്ങൾ ഏറ്റവും കൂടുതൽ പേടിക്കുന്ന ഒന്നാണ് പാമ്പ്. വാഹനങ്ങളിലും പാദരക്ഷകളിലും ഒക്കെ കയറിയിരിക്കുന്ന പാമ്പുകളുടെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. മാളങ്ങളിൽ വെള്ളം കയറുമ്പോൾ സുരക്ഷിതമായ വാസസ്ഥങ്ങൾ തേടിയാണ് പാമ്പുകൾ പുറത്തിറങ്ങുന്നത്. അതിനാൽ മഴക്കാലത്ത് കൂടുതലായി പാമ്പുകളെ കാണാൻ കഴിയും.

പുറത്തെ തണുപ്പിൽ നിന്ന് രക്ഷനേടാൻ ഇവ വീട്ടിനുള്ളിലെ ചൂടുള്ള സ്ഥലങ്ങൾ തേടി എത്തുന്നു. കരിയില കൂടിക്കിടക്കുന്ന സ്ഥലങ്ങളും തടിക്കഷണം ഓല, ഓട്, കല്ല് എന്നിവ അടുക്കിവച്ചിരിക്കുന്ന സ്ഥലങ്ങളും പാമ്പിന്റെ ഇഷ്ട കേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽ കിടക്കുന്ന പാമ്പ് അധികമാരുടേയും ശ്രദ്ധയിൽപെടില്ലെന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കും. വീട്ടിൽ കോഴിക്കൂടോ വളർത്തു മൃഗങ്ങളോ ഉള്ള ഇടങ്ങളിലും അധികശ്രദ്ധ വേണം. മഴക്കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പാമ്പുകൾ ഏതൊക്കെയാണെന്ന് അറിയാമോ?​ നാല് തരം വിഷപ്പാമ്പുകളാണ് മഴക്കാലത്ത് പൊതുവെ കേരളത്തിൽ കാണുന്നത്.

അതിൽ ഒന്നാണ് മൂർഖൻ. കേരളത്തിൽ ഏറ്റവും സാധാരണയായി കാണുന്ന വിഷപ്പാമ്പാണ് മൂർഖൻ. പത്തിയുടെ പിന്നിൽ കാണുന്ന ‘ഋ’ അടയാളമാണ് മൂർഖനെ തിരിച്ചറിയാനുള്ള പ്രധാന വഴി. ഇളം തവിട്ട്,​ കറുപ്പ് തുടങ്ങിയ നിറങ്ങളിലാണ് മൂർഖൻ പാമ്പിനെ കാണാൻ കഴിയുന്നത്. പകൽ സമയത്തും രാത്രി സമയത്തും ഇവയെ കാണാൻ കഴിയും. മൂർഖൻ പാമ്പ് കടിച്ചാൽ നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. അതിനാൽ അതീവ ശ്രദ്ധപാലിക്കണം.

രണ്ടാമത്തേത് അണലിയാണ്. വളരെ അപകടകാരിയായ വിഷപ്പാമ്പാണ് അണലി. ശരീരത്തിൽ തവിട്ട് നിറത്തിൽ വൃത്താകൃതിയിലോ ഓവൽ ആകൃതിയിലോ ഉള്ള പാടുകൾ ആണ് കാണപ്പെടുന്നത്. പൊതുവെ തടിച്ച ശരീര പ്രകൃതിയുള്ള അണലികളുടെ തല ത്രികോണാകൃതിയിലാണ് ഉള്ളത്.

ശംഖുവരയനാണ് മൂന്നാമത്തേത്. വെള്ളിക്കെട്ടൻ എന്നും ഇതിനെ അറിയപ്പെടുന്നു. ഇവ പ്രധാനമായും രാത്രികാലങ്ങളിലാണ് പുറത്തിറങ്ങുന്നത്. ശരീരംതിളക്കമുള്ള കറുപ്പ് നിറവും,​ അതിൽ വെളുത്ത നേർത്ത വരകളോ ഇവയിൽ ഉണ്ടായിരിക്കും. ഇവയുടെ കടിയേറ്റാൽ വേദനയില്ലാത്തതിനാൽ പലപ്പോഴും ആളുകൾ കടിയേറ്റത് അറിയില്ല. ശംഖുവരയൻ പാമ്പിന്റെ വിഷം നാഡീവ്യൂഹത്തെയാണ് നേരിട്ട് ബാധിക്കുന്നത്.

നാലാമത്തേത് ചുരുട്ടമണ്ഡലി ആണ്. ഇവ വലിപ്പത്തിൽ ചെറുതാണെങ്കിലും മാരകമായ വിഷമാണ് ഇവയ്ക്ക് ഉള്ളത്. തവിട്ടുനിറം,​ മഞ്ഞ കലർന്ന തവിട്ടു നിറം എന്നീ നിറങ്ങളിൽ ഇവയെ കാണാൻ കഴിയും. ശരീരത്തിൽ വ്യക്തമായ വെളുത്തതോ ഇരുണ്ടതോ ആയ വളഞ്ഞ വരകളോ പുള്ളികളോ ഉണ്ടാകും.


Source link

Related Articles

Back to top button