ജെഎസ്കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള മോഷൻ പോസ്റ്റർ പുറത്ത്; റിലീസ് ജൂൺ 20ന്

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ മോഷൻ പോസ്റ്റർ പുറത്ത്. സുരേഷ് ഗോപിയുടെ ശക്തമായ ഡയലോഗ് ഡെലിവറിയിലൂടെ അതിശക്തമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു കോർട്ട് റൂം ത്രില്ലർ ആയിരിക്കും ചിത്രമെന്ന സൂചന നൽകുന്നതാണ് മോഷൻ പോസ്റ്റർ. സുരേഷ് ഗോപിയും മൂന്ന് നായിക കഥാപാത്രങ്ങളും പോസ്റ്ററിന്റെ ഭാഗമാണ്. ജനങ്ങൾ, നമ്മുടെ ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന പൗരവകാശങ്ങളെ കുറിച്ച് ബോധവാന്മാരാകുന്ന ദിവസം മുതൽ ഇവിടുത്തെ അധികാര വർഗ്ഗം ചോദ്യം ചെയ്യപ്പെടും എന്ന ശക്തമായ പ്രസ്താവനയാണ് മോഷൻ പോസ്റ്റർ മുന്നോട്ട് വയ്ക്കുന്നത്. ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ അവർക്ക് പ്രതീക്ഷയുണ്ടാവുക കോടതിയിൽ മാത്രമായിരിക്കും എന്നും മോഷൻ പോസ്റ്ററിൽ പറയുന്നു. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫനീന്ദ്ര കുമാർ ആണ്. സേതുരാമൻ നായർ കങ്കോൾ ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.
Source link