മുൻ പ്രവാസിയും ഭാര്യയും വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, മരണം സാമ്പത്തിക ബാദ്ധ്യതകളെത്തുടർന്നെന്ന് സംശയം

കണ്ണൂർ: ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മട്ടന്നൂർ കൊടോളിപ്രത്ത് ഗോകുലം വീട്ടിൽ ബാബു (58), ഭാര്യ സജിത (55) എന്നിവരാണ് മരിച്ചത്. ഇന്നുച്ചയ്ക്ക് 12.30ഓടെ ഇരുവരെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബാബുവിനെ കിടപ്പുമുറിയിലും സജിതയെ ഹാളിലെ ഫാനിലുമാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
സംഭവസമയം ബാബുവും സജിതയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകൾ ജിബിഷ ഭർത്താവിന്റെ വീട്ടിലായിരുന്നു. മകൻ ഭാര്യ വീട്ടിലും പോയിരിക്കുകയായിരുന്നു. ഉച്ചയായിട്ടും വീടിന്റെ വാതിൽ തുറക്കാത്തതിനാൽ സമീപവാസികൾ മകൻ സുബിജിത്തിനെ വിവരമറിയിക്കുകയായിരുന്നു. മകൻ വീട്ടിലെത്തി മറ്റൊരു താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് മാതാപിതാക്കളെ തൂങ്ങിയ നിലയിൽ കണ്ടത്.
ഏറെനാൾ വിദേശത്ത് ജോലി ചെയ്തിരുന്ന ബാബു പത്തുവർഷം മുൻപാണ് നാട്ടിലെത്തിയത്. പലിശയടക്കം 25 ലക്ഷത്തോളം രൂപ ബാങ്കിൽ ബാദ്ധ്യതയുണ്ടായിരുന്നു. ഇതിന്റെ മനഃപ്രയാസത്തിലായിരുന്നു ബാബുവെന്ന് ബന്ധുക്കൾ പറയുന്നു. പൊലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് മട്ടന്നൂർ എസ് ഐ സി പി ലിനേഷിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്ന് ഫോറൻസിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തി.
Source link