‘ഇതാണ് സൗഹൃദം’; ടൊവിനോയുമൊത്തുള്ള ചാറ്റ് പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ; കമന്റിൽ മമ്മൂട്ടിയും മോഹൻലാലും

‘നരിവേട്ട’ സിനിമയെ പ്രശംസിച്ച് പോസ്റ്റ് പങ്കുവച്ചതിന് ഉണ്ണി മുകുന്ദൻ തന്നെ ശാരീരികമായി ആക്രമിച്ചു എന്ന മാനേജരുടെ ആരോപണവും തുടർന്നുണ്ടായ വിവാദങ്ങളും നിലനിൽക്കെ ടൊവിനോ തോമസുമായുള്ള ചാറ്റ് പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സ്റ്റിക്കർ പരസ്പരം അയച്ച ചാറ്റിന്റെ സ്ക്രീൻഷോട്ടാണ് ഉണ്ണി മുകുന്ദൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്. ഷോലെ എന്ന സിനിമയിലെ തീം സോങിനൊപ്പമാണ് ഉണ്ണി ചാറ്റ് ഷെയർ ചെയ്തത്. ഉണ്ണി മുകുന്ദനും ടൊവിനോ തോമസും തമ്മിൽ വളരെ ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നു എന്നാതാണ് താരം ഇപ്പോൾ പുറത്തുവിട്ട ചാറ്റിന്റെ സ്ക്രീൻഷോട്ട് സൂചിപ്പിക്കുന്നത്. സ്ക്രീൻഷോട്ടിൽ ടൊവിനോ വോയ്‌സ് മെസേജ് അയച്ചിരിക്കുന്നത് കാണാം. മമ്മൂട്ടിയുടെ അടുത്തിടെ പുറത്തുവന്ന ‘ബസൂക്ക’യിലെ ഒരു സ്റ്റിക്കർ ആണ് ഉണ്ണി മറുപടി ആയി അയച്ചിരിക്കുന്നത്. മോഹൻലാലിന്റെ പുഞ്ചിരി തൂകുന്ന ചിത്രം ടൊവിനോ മറുപടിയായി അയച്ചപ്പോൾ മോഹൻലാലിന്റെ തന്നെ ചിത്രമുള്ള ഒരു സ്റ്റിക്കറാണ് ഉണ്ണിയും തിരിച്ചയച്ചത്. ഇൻഡസ്ട്രിയിലെ തന്നെ അടുത്ത സുഹൃത്തുക്കളാണ് ടൊവിനോയും ഉണ്ണിയും. ‘മാർക്കോ’ സിനിമയുടെ റിലീസ് ദിവസത്തെ ആഘോഷത്തിൽ ടൊവിനോയും ഉണ്ണിക്കൊപ്പം സന്തോഷം പങ്കുവയ്ക്കാൻ എത്തിയിരുന്നു. ഇരുവരും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ല എന്ന ചിലരുടെ ആരോപണങ്ങൾക്ക് ഇതോടെ വിരാമമാവുകയാണ്. തന്നെയുമല്ല സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളൊന്നും തന്നെ വകവയ്ക്കുന്നില്ല എന്നുമാണ് ഇരുവരുടെയും ചാറ്റ് വ്യക്തമാക്കുന്നത്.
Source link