CINEMA

‘റോന്ത്’ ചുറ്റാൻ റോഷനും ദിലീഷും; ഷാഹി കബീർ ചിത്രം ടീസർ എത്തി


രാത്രി പട്രോളിങിനിറങ്ങുന്ന രണ്ട് പൊലീസുകാർ, ഇതിൽ ഒരാൾ പൊലീസുകാരൻ എങ്ങിനെയാവണം എന്ന് സഹപ്രവർത്തകനെ പഠിപ്പിക്കുന്ന എസ്ഐ. മറ്റൊരാൾ ഇത് അത്രക്ക് ഇഷ്ടപ്പെടാത്ത ജൂനിയറായ പോലീസ് ഡ്രൈവർ. എടുത്തുചാട്ടമല്ല നിരീക്ഷണ പാടവമാണ് ഒരു പൊലീസുകാരന് ഏറ്റവുമാദ്യം വേണ്ടതെന്ന് യോഹന്നാൻ പറയുമ്പോൾ ദീനനാഥിന് അത് രസിക്കുന്നില്ലെന്ന് ടീസറിൽ നിന്നും മനസിലാക്കാം. ഔദ്യോഗിക ജീവിതത്തിന്റെ ഉള്ളറകൾ തുറന്നു കാണിക്കുന്ന ടീസർ പുറത്തിറക്കിയിരിക്കുയാണ് ഷാഹി കബീർ ചിത്രം റോന്ത്. യോഹന്നാൻ എന്ന എസ്ഐ ആയി ദിലീഷ് പോത്തനോയും, ദിനനാഥ് എന്ന ഡ്രൈവറായി റോഷൻ മാത്യുവിനേയും ചിത്രത്തിൽ കാണാം.  ഫെസ്റ്റിവൽ സിനിമാസിന്റെയും ജംഗ്ലീ പിക്ച്ചേഴ്സിന്റേയും ബാനറിൽ ഷാഹി കബീർ രചനയും സംവിധാനവും നിർവഹിക്കുന്ന റോന്ത് ജൂൺ 13ന് തീയ്യേറ്ററുകളിലെത്തുകയാണ്. പോലീസ് കഥകളിലൂടെ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഷാഹിയുടെ ഈ പോലീസ് കഥ എഴുത്തുകാരന്റെ ഔദ്യോഗിക ജീവിതവുമായി ഏറെ അടുത്തുനിൽക്കുന്ന ഒന്നാണ്. ഒരു രാത്രി പട്രോളിങ്ങിനിറങ്ങുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൂപ്പർ ഹിറ്റായ ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം അദേഹം തിരക്കഥയൊരുക്കുന്ന സിനിമകൂടിയാണ്. ഫെസ്റ്റിവൽ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജം​ഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിർമാതാവ്. ടൈംസ് ​ഗ്രൂപ്പിന്റെ സബ്സിഡറി കമ്പനിയായ ജംഗ്ലീ പിക്ച്ചേഴ്സ് ആദ്യമായാണ് മലയാളത്തിൽ ഒരു ചിത്രം നിർമിക്കുന്നത്. സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Source link

Related Articles

Back to top button