ഭാഗ്യം കൊണ്ടുവരുന്ന ശനീശ്വരൻ; ശനിദോഷമകറ്റാൻ ശനിജയന്തി അനുഷ്ഠാനങ്ങൾ

സൂര്യന്റെ പുത്രനായ ശനിയുടെ ജന്മദിനം ആഘോഷിക്കുന്ന ദിവസമാണ് ശനി ജയന്തി. ഹിന്ദു കലണ്ടർ അനുസരിച്ച്, വൈശാഖ മാസത്തിലെ (ഏപ്രിൽ-മെയ്) അമാവാസി തിഥിയിലാണ് ഈ ദിവസം വരുന്നത്. ഈ വർഷത്തെ ശനി ജയന്തി വരുന്നത് മെയ് 27ന് ചൊവ്വാഴ്ചയാണ്. തമിഴ് നാട്ടിലെ പുതുച്ചേരിയിൽ കാരയ്ക്കൽ ജില്ലയിലെ തിരുനല്ലാറിലെ ധർബാരണ്യേശ്വര ക്ഷേത്രവും ഉത്തർ പ്രദേശിലെ മഥുരയിലെ കോകിലവൻ ധാമും ശനി ആരാധനയ്ക്ക് പേരു കേട്ട ക്ഷേത്രങ്ങളാണ്. കേരളത്തിൽ കോട്ടയത്ത് കുറപ്പുന്തറയിലും ആലപ്പുഴ മാന്നാർ ഇരമത്തൂരിലും ശനിക്ഷേത്രങ്ങളുണ്ട്. ശനി സകല വ്യക്തികളുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. ശനിയുടെ ദോഷഫലങ്ങൾ ഇല്ലാതാക്കാൻ ശനിയെ ആരാധിക്കാം. ഏഴരശ്ശനിയും കണ്ടകശ്ശനിയും ശനിദശയുമുള്ളവർ ശനി ജയന്തിയിൽ ദേവനെ ആരാധിക്കണം. ഇത് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതികൂല സംഭവങ്ങൾ തടയുകയും ഭാഗ്യം കൊണ്ടുവരികയും ചെയ്യുമെന്നാണ് വിശ്വാസം. ജനന സമയത്തെ ഗ്രഹനിലയിൽ ശനിയുടെ അനുകൂല സ്ഥാനം വളരെ പ്രധാനമാണ്. നിങ്ങളുടെ അധ്വാനഫലം നിങ്ങൾ ആസ്വദിക്കുമോ ഇല്ലയോ എന്ന് നിർണയിക്കുന്നതിൽ ഇത് വലിയ പങ്കുവഹിക്കുന്നു. അതിനാൽ, ശനി ജയന്തി നിങ്ങളുടെ പ്രാർഥനകൾ അർപ്പിക്കാനും ദേവനെ പ്രീതിപ്പെടുത്താനുമുള്ള ഒരവസരമാണ്.ശനിയാഴ്ചകളിൽ ശനിയുടെ സ്വാധീനം അതിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കും. അതിനാൽ ആഴ്ചയിലെ ഈ ദിവസം ‘വ്രതം’ അനുഷ്ഠിക്കുന്നതും ദേവീക്ഷേത്രങ്ങൾ സന്ദർശിക്കുന്നതും ഫലദായകമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ ആ വ്യക്തിയിൽ ഭാഗ്യവും ഐശ്വര്യവും വർധിക്കുമെന്നും പലരും ജീവിതത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നും പറയപ്പെടുന്നു.
Source link