ആരാകും പുതിയ മാർപാപ്പ? രണ്ടാം ദിവസത്തെ രണ്ടാം റൗണ്ട് വോട്ടെടുപ്പിലും തീരുമാനമായില്ല, വീണ്ടും കറുത്ത പുക

വത്തിക്കാൻ സിറ്റി: രണ്ടാം ദിവസത്തെ രണ്ടാം റൗണ്ട് വോട്ടെടുപ്പിലും പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനായില്ലെന്ന സൂചന നൽകി സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിൽ നിന്ന് കറുത്ത പുക പുറത്തുവന്നു. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുമ്പോൾ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുകയാണ് പുറത്തേയ്ക്ക് വരിക. ഇതോടെ പ്രാദേശിക സമയം ഉച്ചയ്ക്കുശേഷമുള്ള മൂന്നാം റൗണ്ടിലേയ്ക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് വിശ്വാസികൾ.
പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ളേവിന്റെ ആദ്യഫലം പ്രാദേശിക സമയം രാവിലെ 10.30നും രണ്ടാമത്തേത് 12നു ശേഷവും മൂന്നാമത്തേത് വൈകിട്ട് 5.30നും നാലാമത്തേത് രാത്രി ഏഴിനും വ്യക്തമാകുമെന്ന് വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് ഇന്നലെയാണ് വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിൽ ആരംഭിച്ചത്. 133 കർദിനാളുകളാണ് വോട്ടിംഗിൽ പങ്കെടുക്കുന്നത്. 80ന് അകത്ത് പ്രായമുള്ള കർദിനാളുകൾക്ക് മാത്രമേ കോൺക്ളേവിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. 70 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത്തവണ കോൺക്ളേവിലുള്ളത്.
1492ലാണ് സിസ്റ്റീൻ ചാപ്പലിൽ ആദ്യമായി മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ളേവ് നടന്നത്. പിന്നീട് 1878നുശേഷം ചാപ്പൽ സ്ഥിരം വേദിയായി മാറി. കോൺക്ളേവിൽ പങ്കെടുക്കുന്ന കർദിനാളുകൾ ചാപ്പലിന് സമീപത്തെ ദോമസ് സാന്ത മാർത്തയിലാണ് താമസിക്കുന്നത്.
ആദ്യ റൗണ്ട് വോട്ടെടുപ്പിനുശേഷം ഇന്നലെ രാത്രി ഒൻപത് മണിക്കാണ് കറുത്ത പുക ചാപ്പലിൽ നിന്ന് പുറത്തേയ്ക്ക് വന്നത്. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാൻ 89 വോട്ടുകളാണ് ആവശ്യം.
Source link