തിയറ്ററിൽ വേട്ട തുടങ്ങി ‘നരിവേട്ട’; ആദ്യ ദിനം കേരളത്തിൽ നിന്ന് 1.75 കോടി

ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ ‘നരിവേട്ട’ക്ക് എങ്ങും വൻ സ്വീകാര്യത. 2018, എആർഎം എന്നീ ചിത്രങ്ങൾക്ക് ശേഷമിറങ്ങുന്ന ടോവിനോ ചിത്രമായ ‘നരിവേട്ട’ക്ക് മികച്ച പ്രേക്ഷക – നിരൂപക പ്രശംസയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ ചിത്രത്തിന് മികച്ച പ്രതികാരമാണ് ലഭിച്ചത്. ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെ ഭാഗമായി മാറിയിരിക്കുകയാണ് ‘നരിവേട്ട’യുടെ വിജയവും. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമിക്കുന്നത്. ആദ്യ ദിനം കേരള ബോക്സ് ഓഫിസിൽ തന്നെ 1.75 കോടി നേടി മികച്ച ഓപ്പണിങ് നേടിയിരിക്കുയാണ് ചിത്രം. രണ്ടാം ദിനം മികച്ച ബുക്കിങ്ങും ചിത്രത്തിന് ലഭിക്കുന്നുണ്ട്.ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ സമൂഹത്തില്‍ അരിക് വല്കരിക്കപ്പെട്ടവരെ എങ്ങനെ ഭരണകൂടം അടിച്ചമര്‍ത്താന്‍ നോക്കുന്നു എന്ന് ഗൗരവമായി ആവിഷ്കരിക്കുന്ന ചിത്രത്തിന്റെ രാഷ്ട്രീയ വശങ്ങളെ പറ്റി ഓസ്ട്രേലിയയിൽ പോലും വലിയ അഭിപ്രായങ്ങളും ചർച്ചകളുമാണ് നടക്കുന്നത്. ചിത്രം ഒടിടിയിൽ വരുന്നതിനായി കാത്തിരിക്കേണ്ടെന്നും മസ്റ്റ് തിയട്രിക്കൽ വാച്ച് ആണെന്നുമാണ് പ്രേക്ഷകാഭിപ്രായം. പ്രൊഡക്ഷന്‍ ക്വാളിറ്റിയില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത ‘നരിവേട്ട’ ടോവിനോയുടെ കരിയർ ബെസ്റ്റ് കഥാപാത്രം കൂടിയാണ്.സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ‘മറവികൾക്കെതിരായ ഓർമയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവയ്ക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Source link