KERALAM

അടുത്ത മൂന്ന് ദിവസം അതിതീവ്ര മഴ തുടരും; അഞ്ച് ജില്ലകളിൽ നാളെ റെഡ് അലർട്ട്, ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസം അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ അഞ്ച് വടക്കൻ ജില്ലകളിലും മറ്റന്നാൽ 11 ജില്ലകളിലും റെഡ് അലർട്ടാണ്. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് നാളെ റെഡ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെ മറ്റ് ജില്ലകളിൽ മറ്റന്നാൾ റെഡ് അലർട്ടും പ്രഖ്യാപിച്ചു. കണ്ണൂരും കാസർകോടും ഇന്ന് റെഡ് അലർട്ട് തുടരും. ഇന്ന് 12 ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്.

കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് റവന്യൂമന്ത്രി കെ രാജൻ അറിയിച്ചു. ശക്തമായ കാറ്റിനെയും മഴയെയും തുടർന്ന് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണസംവിധാനത്തിന് വലിയതോതിൽ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. പ്രതികൂലമായ എല്ലാ സാഹചര്യങ്ങളെയും അതിജീവിച്ച് വൈദ്യുതി ബന്ധം സമയബന്ധിതമായി പുനസ്ഥാപിക്കാനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് കെഎസ്ഇബി അറിയിച്ചു.

വൈദ്യുതിതടസ്സവും അപകടസാദ്ധ്യതകളും സംബന്ധിച്ച പരാതികളും വിവരങ്ങളും അറിയിക്കുന്നതിന് തിരുവനന്തപുരം ഇലക്ട്രിക്കൽ സർക്കിളിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ ഇന്നലെ പെയ്ത മഴയിൽ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിലായി. മഴയോടൊപ്പമുള്ള ശക്തമായ കാറ്റിലും നഗരത്തിൽ കനത്ത നാശം വിതച്ചു.

മെഡിക്കൽ കോളേജ് ആശുപത്രിക്കു സമീപം മരത്തിന്റെ ചില്ലയൊടിഞ്ഞുവീണ് കൊല്ലം സ്വദേശി സുനിലിന് ഗുരുതര പരിക്ക് പറ്റി. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഓട്ടോറിക്ഷ തൊഴിലാളികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.


Source link

Related Articles

Back to top button