ഒരു പ്രത്യേക തരം ' ജനുസ്സ്'

എടലക്കാട് ഒരു പ്രദേശമല്ലെന്നും ഒരു രാജ്യമാണെന്നും പ്രഖ്യാപിക്കുന്നിടത്ത് രാജ്യത്തെക്കുറിച്ചുള്ള പുതിയ പറച്ചിലുകൾ ആരംഭിക്കുന്നു. ഈ ലോകം തന്നെ ഒരു രാജ്യമാണെന്നും അതിലെ രാജാവാണ് താനെന്നും പ്രഖ്യാപിക്കുന്ന അഹങ്കാരം മുതൽ ഞാനും എൻ്റെ മക്കളും നാടുഭരിക്കും എന്നു പറയുന്നവർ വരെ ഒരുക്കുന്ന രാജ്യത്തിൻ്റെയും രാജ്യഭരണത്തിൻ്റെയും ആന്തരികാർഥമാണ് ജനുസ്സ് എന്ന നാടകം. ബലമുള്ളവൻ ഇല്ലാത്തവനെ കീഴ്പ്പെടുത്തി ഓരോരോ രാജ്യങ്ങൾ സൃഷ്ടിച്ച് വാഴുന്ന കഥകൾക്കും യാഥാർഥ്യത്തിനും ഒരു പഞ്ഞവുമില്ല ഏതു നാട്ടിലും ഏതു കാലത്തും. രക്ഷാപ്രവർത്തനത്തിൻ്റെ നാട്ടിൽ തിരുവനന്തപുരത്തെ ഒരു പൊലീസ് സ്റ്റേഷൻ ഒരു രാജ്യമായി മാറുകയും ഒരു പെണ്ണിനുമേൽ കാക്കി, രാജാവായി മാറുകയും ചെയ്ത സമകാലീന സംഭവത്തിനും മാസങ്ങൾ മുൻപാണ് ജനുസ്സ് എന്ന നാടകം പിറന്നത്. പക്ഷേ യാദൃച്ഛികമെന്നോണം രണ്ടിലും കീഴാളവർഗമാണ് പ്രതിപാദ്യം. നിറവും കുലവുമടക്കം രണ്ടിടത്തും കത്തിമുനയിൽ. ഒരു പ്രത്യേക ജനുസ്സ് മറ്റു ജനുസ്സുകളെ എന്നും അടിമത്തത്തിൻ്റെ തോക്കിൻ മുനയിൽ നിർത്തുമെന്നതിൻ്റെ സാക്ഷ്യമാണീ നാടകം. കുലം ഫോക്കസ് ചെയ്തുള്ള ഈ അടിമത്തത്തിൽ നിന്ന് ഏതു കുലത്തിലേക്കും ഏതു മേഖലയിലേക്കും ഇത്തരം ജനുസ്സുകൾ കണ്ണുറപ്പിക്കും എന്നതിൻ്റെ മുന്നറിയിപ്പു കൂടിയാണ് ഈ ആവിഷ്കാരം. രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും ഇത്തരം ജനുസ്സുകൾക്ക് അറിഞ്ഞോ അറിയാതെയോ തലവച്ചു കൊടുക്കുന്നവരാണീ നാടകത്തിലെ വേഷക്കാർ. നാടകത്തിൻ്റെ പുറന്തോടിലൂടെ ഇത്തരം അടിമ മനോഭാവത്തിൻ്റെ പല അഴുക്കുചാലുകൾ കാണികളിലേക്കിറങ്ങും. രാഷ്ട്രീയ പാർട്ടികൾക്കും അതിൻ്റെ ഏക നായകന്മാർക്കും സ്വയം അടിമകളായി അതിൽ രതിമൂർച്ഛ നേടുന്നവർ മുതൽ നിവൃത്തികേടിൻ്റെ കീഴ്പ്പെടൽ തോളിലേറുന്ന സാധാരണക്കാരൻ്റെ നുകം വരെയുള്ള പല തരത്തിലുള്ള തോൽവികളാണ് ഈ നാടകം കാണികളിലേക്ക് ഇറക്കിവിടുന്നത്. ഈ തോൽവികളിൽ ഓരോരുത്തരും തങ്ങളുടേത് ഏത് എന്നു മാത്രമേ തിരിച്ചറിയാനുള്ളൂ. ഇങ്ങനെയൊരു തിരിച്ചറിവെങ്കിലും കിട്ടിയാൽ ഈ നാടകം സന്തോഷത്തോടെ പൂർണമാകും. ഓരോ ദിവസവും പുതിയ രാജ്യ സൃഷ്ടിയുമായി ഓരോരുത്തർ രംഗത്തുവരുമ്പോൾ അതിനെ പ്രതിരോധിക്കാൻ പ്രേരിപ്പിക്കുകയാണ് നാടകം. എടലക്കാട് എന്ന ചുടലക്കാട്രാജ്യസൃഷ്ടിയുടെ മൈക്രോ ലെവൽ എടലക്കാട് എന്ന സാങ്കൽപിക ദലിത് പിന്നാക്കവിഭാഗ മേഖലയാണ്, അവിടം അടക്കിഭരിക്കുന്ന കാഞ്ഞിരി തറവാടാണ്. അവിടത്തെ രാജാവ് നാട്ടുപ്രമാണിയായ തെരുത് മാപ്ലയും പിൻതുടർച്ചക്കാരായ അവ റു മാപ്ലയും അഗസ്തിയും. നാടകം പുരോഗമിക്കുമ്പോൾ ഈ മൈക്രോ ലെവൽ കാഴ്ചക്കാരിലേക്കിറങ്ങി മാക്രോ ലെവലിലേക്ക് മാറുന്നു. സംസ്ഥാന അമച്വർ നാടക മത്സരത്തിൽ മൂന്ന് പുരസ്കാരങ്ങൾ നേടിയ ഈ നാടകം സമകാലീന അന്തരീക്ഷത്തെ നിരന്തരം വായിച്ചുകൊണ്ടേയിരിക്കുന്നു എന്നു മാത്രമല്ല, ഇതിൻ്റെ ഏതറ്റത്തേക്കാണ് നമ്മുടെ ഭാവി നീളുന്നതെന്ന ഭയപ്പാട് കൂടി പങ്കുവയ്ക്കുന്നു.
Source link