‘സ്ഥലം ഏറ്റെടുത്തു തരൂ; വികസനം നടപ്പിലാക്കാൻ ചങ്കുറപ്പുള്ള പ്രധാനമന്ത്രി നമുക്കുണ്ട്’

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ജയിച്ചവർ മാത്രമല്ല വികസന പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങേണ്ടതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജയിച്ചവരും പരാജയപ്പെട്ടവരും ഒരുമിച്ച് പരിശ്രമിക്കുമ്പോഴാണ് ജനങ്ങൾക്ക് നന്മയുണ്ടാകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നവീകരിച്ച ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കഴിഞ്ഞ പത്ത് വർഷത്തിനിടെയുണ്ടായ വികസനം എംഎൽഎയെയും എംപിയെയും ഉത്തേജിപ്പിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. ചിറയിൻകീഴിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ ആവശ്യമാണെങ്കിൽ പ്രധാനമന്ത്രിയെയും റെയിൽവേ മന്ത്രിയെയും അറിയിച്ച് അത് നടപ്പിലാക്കും. വന്ദേഭാരത് ട്രെയിനുകൾ ഓടുമ്പോൾ മറ്റ് ലോക്കൽ ട്രെയിനുകൾ പിടിച്ചിടേണ്ട സാഹചര്യമുണ്ട്. അത് ഒഴിവാക്കാൻ പാത ഇരട്ടിപ്പിക്കലാണ് പരിഹാരം. അതിനുള്ള സ്ഥലം ഏറ്റെടുത്ത് നൽകിയാൽ വികസനം നടപ്പിലാക്കാൻ ചങ്കുറപ്പുള്ള പ്രധാനമന്തിയാണ് നമുക്കുള്ളത്’- സുരേഷ് ഗോപി പറഞ്ഞു.
രാജ്യത്തിനായി സേവനമനുഷ്ഠിച്ച ധീര സൈനികരെ സുരേഷ് ഗോപി ചടങ്ങിൽ ആദരിച്ചു. അടൂർ പ്രകാശ് എംപി, വി ശശി എംഎൽഎ തുടങ്ങിയർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Source link