വീണ്ടും കോവിഡ്; ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കണം!

വീണ്ടും കോവിഡ് കാലത്തിലേക്ക് മടങ്ങുകയാണോ എന്നും മാസ്കും സാനിറ്റൈസറും ഒഴിവാക്കാനാവാത്ത കാലമാണോ വരുന്നതെന്നുമുള്ള ആശങ്കയിലാണ് ജനങ്ങൾ. മറ്റു രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാമെന്നും ജാഗ്രത വേണമെന്നുമാണ് നിർദേശം. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധമാണ് ആവശ്യം.ഏഷ്യൻ രാജ്യങ്ങളായ ചൈന, സിംഗപ്പൂർ, ഹോങ്കോങ്, തായ്ലൻഡ് എന്നീ രാജ്യങ്ങളിലാണു കൂടുതൽ കേസുകൾ. 2021 ഡിസംബറിൽ ആരംഭിച്ച് 2022ൽ ശക്തമായി തുടർന്നതും മാരകമല്ലാത്തതുമായ ഒമിക്രോണിന്റെ ഉപവിഭാഗങ്ങളും ഇപ്പോഴും തുടരുന്നുണ്ട്. പൊതുവേ ശേഷി കുറഞ്ഞ വൈറസുകളാണ് ഇപ്പോഴുള്ളതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിതർക്കു പനി, ജലദോഷം തുടങ്ങിയവ ഉണ്ടാകുമെങ്കിലും 7 ദിവസത്തിൽ ഭേദമാകും. രാജ്യത്തെ 92.66 % ആളുകളും വാക്സീൻ സ്വീകരിച്ചിട്ടുള്ളത് രോഗവ്യാപന സാധ്യത ഇല്ലാതാക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. മഴ തുടങ്ങിയതോടെ ജലദോഷപ്പനി ആകാമെന്നും തണുപ്പ് കാരണമുള്ള അസ്വസ്ഥത ആകാമെന്നും പലരും തെറ്റിദ്ധരിച്ചേക്കാം. എന്നാൽ കോവിഡ് ലക്ഷണമാണോ എന്നു തിരിച്ചറിയേണ്ടതും ആവശ്യമായ കരുതൽ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. വൈറസുമായി സമ്പർക്കം പുലർത്തിയതിന് ശേഷം 2 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ സാധാരണ COVID-19 ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.
Source link