‘എല്ലാ പരിധിയും ലംഘിക്കുന്നു; ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്നു’: ഇ.ഡിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഇ.ഡി എല്ലാ പരിധിയും ലംഘിക്കുകയാണെന്നും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്നെന്നും കോടതി വിമർശിച്ചു. തമിഴ്നാട് മദ്യ വിതരണ കോർപറേഷനു (ടാസ്മാക്)മായി ബന്ധപ്പെട്ട് നടത്തുന്ന പരിശോധനകളും അന്വേഷണവും മറ്റും സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രീം കോടതിയുടെ പരാമർശം. ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് അടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ‘‘ഇ.ഡി എല്ലാ പരിധികളും ലംഘിക്കുകയാണ്. നിങ്ങൾക്ക് ആളുകൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്യാം, പക്ഷേ കോർപറേഷനുകൾക്കെതിരെ എങ്ങനെയാണ് കുറ്റം ചുമത്തുക? ’’ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ടാസ്മാക് ആസ്ഥാനത്ത് ഇ.ഡി നടത്തിയ പരിശോധനകൾക്കെതിരെ നൽകിയ ഹർജികൾ തള്ളിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സർക്കാരും ടാസ്മാക്കും നൽകിയ ഹർജികൾ പരിശോധിക്കുകയായിരുന്നു സുപ്രീം കോടതി. തുടർ നടപടികൾ ഇനിയൊരു ഉത്തരവുണ്ടാകും വരെ സ്റ്റേ ചെയ്യാനും കോടതി നിർദേശിച്ചു.കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുമായി ബന്ധപ്പെട്ട് 2014–21 കാലത്ത് സംസ്ഥാന സർക്കാർ തന്നെ 41 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. എന്നാൽ ഇതെല്ലാം ആളുകൾക്കെതിരെയാണെന്നും 2025ൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട ഇ.ഡി പൊടുന്നനെ ടാസ്മാക് ആസ്ഥാനത്ത് റെയ്ഡ് നടത്തുകയായിരുന്നെന്നും അറിയിച്ചു. അവിടെയുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും ഫോണുകളും മറ്റു വസ്തുക്കളും പിടിച്ചെടുത്തെന്നു കപിൽ സിബൽ കോടതിയെ അറിയിച്ചതോടെയാണ് കോടതി കടുത്ത പ്രതികരണത്തിലേക്ക് കടന്നത്.
Source link