അനന്തമായ ഭാഗ്യത്തിന്റെ സൂചന; പല്ലുകൾ ഇങ്ങനെയാണോ? ഫലങ്ങൾ അറിയാം

പ്രാചീനകാലത്തു ഒരു വ്യക്തിയുടെ ശാരീരികപ്രത്യേകതകൾ മനസിലാക്കി അവരുടെ വർത്തമാന, ഭൂത, ഭാവി കാര്യങ്ങളെ കുറിച്ച് പ്രവചിക്കാൻ ശേഷിയുള്ള ധാരാളം സന്യാസിമാർ ഭാരത്തിലുണ്ടായിരുന്നു. ഈ പ്രവചനങ്ങളെല്ലാം മുഖം, കൈകൾ, ശരീരം തുടങ്ങിയവയുടെ പ്രത്യേകതകളുടെ അടിസ്ഥാനത്തിലായിരുന്നു. ഇപ്രകാരം അംഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഭൂത, ഭാവി, വർത്തമാന കാര്യങ്ങളെക്കുറിച്ചു വിവരിക്കുന്ന ശാസ്ത്രമാണ് സാമുദ്രിക ശാസ്ത്രം. സാമുദ്രികശാസ്ത്രത്തിനു നിരവധി ശാഖകളുണ്ട്. അതിൽ മുഖ സാമുദ്രിക ശാസ്ത്രത്തിലാണ് വായ്, പല്ലുകൾ, മോണ തുടങ്ങിയവയെക്കുറിച്ചു പ്രതിപാദിക്കുന്നത്.ഒരു വ്യക്തിയുടെ പല്ലുകൾ, നാക്ക്, മോണ ഇവയെല്ലാം ആ വ്യക്തിയുടെ സ്വഭാവവിശേഷങ്ങളുമായും അയാളുടെ വിധിയെക്കുറിച്ചുമെല്ലാം വ്യക്തമായ സൂചനകൾ നൽകുമെന്നാണ് സാമുദ്രികശാസ്ത്രം പറയുന്നത്. പല്ലുകളുടെ എണ്ണം അവയുടെ ആകൃതി, മോണയുടെ വീതി, കട്ടി എന്നിവയെല്ലാം ഒരു വ്യക്തിയുടെ ഭാവിയെക്കുറിച്ചുള്ള സൂചനകൾ സമ്മാനിക്കുന്നവയാണ്. വരിയും നിരയുമൊത്ത, വിടവുകളില്ലാത്ത മനോഹരമായ ദന്തങ്ങൾ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നതിനൊപ്പം സൗഭാഗ്യകരവുമാണെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. തിങ്ങി നിറഞ്ഞതും അതേസമയം തന്നെ ധാരാളം വിടവുകൾ ഉള്ളതുമായ പല്ലുകൾ ജീവിതവിജയത്തിന് തടസ്സമാകുന്നതിനൊപ്പം മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യും.പ്രായപൂർത്തിയായ ഒരു വ്യക്തിയ്ക്കു 32 പല്ലുകൾ ഉണ്ടായിരിക്കും. 31 – 32 പല്ലുകൾ ഉള്ളവർ സമൂഹത്തിൽ ആദരണീയരും പ്രശസ്തരും ധനവാന്മാരുമായിരിക്കും. 28 മുതൽ 30 പല്ലുകൾ വരെയുള്ളവർ സുഖദുഃഖ സമ്മിശ്ര ജീവിതം നയിക്കുന്നവരായിരിക്കും. ഇവർക്ക് ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകുന്നതുപോലെ തന്നെ താഴ്ചകൾക്കും സാധ്യതയുണ്ട്. ജീവിതത്തിലുടനീളം ആരോഗ്യപ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നവരായിരിക്കും 25 മുതൽ 27 പല്ലുകൾ വരെയുള്ളവർ. കുടുംബത്തിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും പിരിഞ്ഞുജീവിക്കാനും ഇവർക്കു യോഗമുണ്ട്. പ്രായപൂർത്തിയായ, 25 പല്ലിൽ താഴെയുള്ളവർക്കു എപ്പോഴും ധാരാളം പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരും. ഒച്ചിഴയുന്ന വേഗതയിലായിരിക്കും ഇവർക്കു ജീവിതത്തിൽ വിജയം സാധ്യമാകുക.
Source link