സിറ്റിക്ക് ജയം; ചാന്പ്യൻസ് ലീഗിന് അരികെ

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സിറ്റിയുടെ ഹോംഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തോട് വിടപറഞ്ഞ് ബൽജിയം താരം കെവിൻ ഡി ബ്രൂയ്ൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സിറ്റിയുടെ ഹോം ഗ്രൗണ്ടിലെ ഡി ബ്രൂയ്ന്റെ അവസാന മത്സരത്തിൽ എഎഫ്സി ബോണ്‍മൗത്തിനെതിരേ 3-1ന് ജയമൊരുക്കാനും മാഞ്ചസ്റ്റർ സിറ്റിക്കായി. ഇരു ടീമും പത്തുപേരുമായി ചുരുങ്ങിയ മത്സരത്തിൽ സിറ്റിക്കായി ഒമർ മർമോഷ് (14ാം മിനിറ്റ്), ബെർണാഡോ സിൽവ (38), നിക്കോ ഗോണ്‍സാലസ് (89) എന്നിവരാണ് ലക്ഷ്യം കണ്ടത്. ബോണ്‍മൗത്തിന്റെ ആശ്വാസഗോൾ ഇഞ്ജുറി ടൈമിൽ ഡാൻ ജെബിസൻ നേടി. സിറ്റി നിരയിൽ മാത്തിയോ കൊവാസിച്ചും ബോണ്‍മൗത്തിന്റെ ലൂയിസ് കുക്കും ചുവപ്പുകാർഡ് കണ്ട് പുറത്തായി. സെപ്റ്റംബർ മുതൽ പരിക്കുമൂലം പുറത്തായിരുന്ന മിഡ്ഫീൽഡർ റോഡ്രി മാസങ്ങൾക്കുശേഷം കളത്തിലിറങ്ങി. റോഡ്രി പകരക്കാരനായാണെത്തിയത്. അതേസമയം ഞായറാഴ്ച ഫുൾഹാമിനെതിരേ അവരുടെ തട്ടകത്തിൽ നടക്കുന്ന മത്സരത്തോടെ ഡി ബ്രൂയ്ൻ സിറ്റിയോട് വിടപറയും.
മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസ് 4-2ന് വോൾവർഹാംപ്ടനെ തോൽപ്പിച്ചു. സീസണിൽ ഇനി എല്ലാ ടീമുകൾക്കും ഓരോ മത്സരമാണ് ശേഷിക്കുന്നത്. വിജയത്തോടെ 37 മത്സരത്തിൽനിന്ന് 68 പോയിന്റുമായി സിറ്റി മൂന്നാംസ്ഥാനത്തേക്കു കയറി.സീസണിൽ ഒരേയൊരു മത്സരം ശേഷിക്കേ ചാന്പ്യൻസ് ലീഗ് യോഗ്യതയ്ക്ക് അരികെയാണ് സിറ്റി. ലിവർപൂൾ 83 പോയിന്റോടെ ചാന്പ്യൻമാരായപ്പോൾ ആഴ്സനൽ 71 പോയിന്റുമായി രണ്ടാമതുണ്ട്. ലീഗിലെ പ്രമുഖ ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ് 39 പോയിന്റുമായി 16ാം സ്ഥാനത്തും ടോട്ടനം ഹോട്സ്പർ 38 പോയിന്റുമായി 17ാം സ്ഥാനത്തുമാണ്.
Source link