ആ ടൈറ്റിൽ എഴുതിയത് മോഹൻലാൽ; ‘ഹൃദയപൂർവം’ ഫസ്റ്റ്ലുക്കിലെ രഹസ്യം

‘ഹൃദയപൂർവം’ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ടൈറ്റിൽ കാർഡിന്റെ എഴുത്തിൽ ഒരു കൗതുകം കൂടിയുണ്ട്. മോഹൻലാലിന്റെ കയ്യെഴുത്തിലാണ് ചിത്രത്തിന്റെ ടൈറ്റിൽ. മോഹൻലാൽ ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുമ്പോൾ എഴുതുന്ന ശൈലിയാണ് ടൈറ്റിലിൽ കൊണ്ടു വന്നിരിക്കുന്നത്. ‘ഹൃദയപൂർവം മോഹൻലാൽ’ എന്നെഴുതിയ താരത്തിന്റെ ഓട്ടോഗ്രാഫ് കഴിഞ്ഞ ദിവസം സംവിധായകനും സത്യൻ അന്തിക്കാടിന്റെ മകനുമായ അനൂപ് സത്യൻ പങ്കുവച്ചിരുന്നു. സമാനമായ കയ്യക്ഷരത്തിലാണ് ചിത്രത്തിന്റെ ടൈറ്റിൽ ഡിസൈനും.മോഹൻലാലിന്റെ ജന്മദിനത്തിൽ ആശംസകളുമായാണ് ‘ഹൃദയപൂർവം’ ടീം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചത്. മാളവിക മോഹനും സംഗീത് പ്രതാപിനും ഒപ്പം നടന്നുവരുന്ന മോഹൻലാലാണ് പോസ്റ്ററിലുള്ളത്. ‘നേരെ ഹൃദയത്തിൽ നിന്ന്, എന്റെ പ്രിയപ്പെട്ടവർക്കൊപ്പം’ എന്ന അടിക്കുറിപ്പോടെ മോഹൻലാൽ പോസ്റ്റർ പങ്കുവച്ചു. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ‘ഹൃദയപൂർവം’. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
Source link