KERALAMLATEST NEWS

ഇ.ഡി ഉദ്യോഗസ്ഥരുടെ കെെക്കൂലി, ഇടപെ‌ടാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടും: മുഖ്യമന്ത്രി

കോഴിക്കോട്: ഇ.ഡി ഉദ്യോഗസ്ഥർ കെെക്കൂലി വാങ്ങുന്നത് ഗൗരവത്തിലെടുക്കണമെന്നും പ്രശ്നത്തിൽ ഇടപെടാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.ഡിയുടെ പുന:സംഘാടനത്തിലേക്ക് കടക്കണം. ഇ.ഡിയെക്കുറിച്ച് നേരത്തെ പരാതിയുണ്ടായിരുന്നെങ്കിലും തെളിവില്ലായിരുന്നു. ഇപ്പോൾ പിടിക്കപ്പെട്ടു. കെെക്കൂലി വാങ്ങുന്നത് അവരുടെ വിശ്വാസ്യതയെ ബാധിക്കുന്നുവെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതിയോട് പൊലീസ് മോശമായി പെരുമാറിയതും അവരെ പൊലീസ് സ്റ്റേഷനിൽ പാർപ്പിച്ചതും സംഭവിക്കാൻ പാടില്ലാത്തതാണ്. അതിൽ നടപടിയെടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസിൽ വന്ന് പരാതി പറഞ്ഞപ്പോൾ പരിശോധിക്കാമെന്നു പറഞ്ഞു. പിറ്റേന്നു തന്നെ നടപടിയെടുത്തു. സിൽവർലെെൻ പദ്ധതി കേരളം മാത്രം വിചാരിച്ചാൽ നടപ്പാകില്ല. ചിലർ ഇടപെട്ട് വേണ്ടെന്ന നിലപാടെടുത്തപ്പോൾ തത്കാലം നിറുത്തി. പിന്നീ‌ട് ഇ. ശ്രീധരന്റെ നിർദ്ദേശം മാനിച്ച് കേന്ദ്രസർക്കാരുമായി താൻ തന്നെ ചർച്ച നടത്തി. പിന്നീടൊന്നും പറഞ്ഞില്ല.

കോഴിക്കോട്ടെ അഗ്നിബാധയെക്കുറിച്ച് രണ്ടു ദിവസത്തിനകം ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിക്കും. ഇക്കാര്യത്തിലും കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ തീപിട‌ിത്തത്തിലും അന്വേഷിച്ച് നടപടിയെടുക്കും..വന്യമൃഗശല്യം പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകും. വന്യമൃഗങ്ങളെ തൊടരുതെന്ന കേന്ദ്ര നിലപാടിൽ മാറ്റം വരുത്തണം. പല കാര്യങ്ങളിലും കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുകയും കേരളത്തിന്റെ വികസനത്തിന് പിന്തുണ നൽകാതിരിക്കുകയുമാണ് പ്രതിപക്ഷം ചെയ്തത്. പരസ്യമല്ലാതെ മാദ്ധ്യമങ്ങൾക്ക് സർക്കാർ പണം നൽകുന്നുണ്ടെന്ന പരാമർശം നടത്തിയും പ്രതിപക്ഷം പരിഹാസ്യമായി. തിരഞ്ഞെടുപ്പ് അടുക്കാത്തതിനാൽ ഭരണത്തുടർച്ചയെപ്പറ്റി പറയുന്നില്ല. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ പൂർത്തിയാക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ.

കേക്ക് മുറിച്ച്

വാർഷികാഘോഷം

രണ്ടാം പിണറായി സർക്കാർ നാലുവർഷം പൂർത്തിയാക്കിയ ഇന്നലെ, കേക്ക് മുറിച്ച് മാദ്ധ്യമപ്രവർത്തകർക്കൊപ്പം മുഖ്യമന്ത്രി ആഘോഷിച്ചു. വാർത്താസമ്മേളനം തുടങ്ങിയതോടെ മെെക്ക് ചെറുതായി പിണങ്ങിയതിനെക്കുറിച്ച് തമാശ പറഞ്ഞായിരുന്നു തുടക്കം. ‘ഞാൻ സംസാരിക്കുമ്പോൾ മെെക്ക് തകരാറിലാകുന്നു’വെന്ന് പറഞ്ഞ് ചിരിച്ചു. സദസിലും കൂട്ടച്ചിരി ഉയർന്നു.


Source link

Related Articles

Back to top button