2018നെ തകർത്ത് തുടരും; ഒന്നാമനായി മോഹൻലാൽ, ഇത് ചരിത്രം

എക്കാലത്തെയും വലിയ കലക്ഷൻ നേടി വിജയക്കുതിപ്പ് തുടർന്ന് മോഹൻലാൽ– തരുൺ മൂർത്തി ചിത്രം ‘തുടരും’. കേരളത്തിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡും ചിത്രം സ്വന്തമാക്കി. ‘2018’ എന്ന ജൂഡ് ആന്തണി ചിത്രത്തിന്റെ കലക്ഷൻ റെക്കോർഡാണ് രണ്ടാഴ്ച കൊണ്ട് ‘തുടരും’ ഭേദിച്ചത്. ഇതോടെ മലയാളത്തിലെ സകല കലക്ഷൻ റെക്കോർഡും സ്വന്തം പേരിലാക്കുകയാണ് മോഹൻലാൽ. ‘ഇനി റെക്കോർഡുകളൊന്നും അവശേഷിക്കുന്നില്ല. ഒറ്റ പേരു മാത്രം– മോഹൻലാൽ! കേരളത്തിലെ ഏറ്റവും ഉയർന്നത്, സിനിമയുടെ ഏറ്റവും മികച്ചത്’ എന്ന അടിക്കുറിപ്പോടെയാണ് ആശിർവാദ് സിനിമാസ് ഈ സന്തോഷവാർത്ത ആരാധകർക്കു മുൻപിൽ പങ്കുവച്ചത്. ആവേശത്തോടെയാണ് ആരാധകർ ഈ സന്തോഷം സ്വീകരിച്ചത്. അഞ്ചു ദശാബ്ദം തുടർച്ചയായി ഇൻഡസ്ട്രി ഹിറ്റ് നൽകിയ താരമെന്ന അംഗീകാരവും ഇതിലൂടെ മോഹൻലാൽ സ്വന്തമാക്കി. ആഗോള കലക്‌ഷനിൽ ‘2018’ന്റെ കലക്‌ഷൻ റെക്കോർഡ് തകർത്ത് ഏറ്റവുമധികം കലക്‌ഷൻ നേടുന്ന മൂന്നാമത്തെ മലയാള സിനിമയായി ‘തുടരും’. കേരളത്തിൽ നിന്ന് മാത്രം 100 കോടി ഗ്രോസ് നേടുന്ന ആദ്യ ചിത്രവും തുടരും ആണ്. ചിത്രം ആറാം ദിവസം നൂറു കോടി ക്ലബ്ബിലെത്തിയിരുന്നു. പുലിമുരുകൻ, ലൂസിഫർ, എമ്പുരാൻ എന്നീ സിനിമകൾക്കുശേഷം നൂറു കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മോഹൻലാൽ ചിത്രമാണ് ‘തുടരും’.
Source link