ഓപ്പറേഷൻ സിന്ദൂർ: പേരിനായി പിടിവലി

ന്യൂഡൽഹി ∙ പാക്ക് ഭീകര ക്യാംപുകളിൽ ഇന്ത്യ നടത്തിയ തിരിച്ചടിക്കു തൊട്ടുപിന്നാലെ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന കോഡിന്റെ ട്രേഡ്മാർക്ക് നേടിയെടുക്കാൻ വാണിജ്യ മന്ത്രാലയത്തിന്റെ ട്രേഡ്മാർക്ക് റജിസ്ട്രി പോർട്ടലിൽ അപേക്ഷകളെത്തി. ആദ്യം അപേക്ഷ നൽകിയ റിലയൻസ് ഇൻഡസ്ട്രീസ് പിന്നീട് പിൻവലിച്ചു. ഇന്ത്യൻ ധീരതയുടെ പ്രതീകമായി മാറിയ ഓപ്പറേഷൻ സിന്ദൂർ എന്ന കോഡിന്റെ ട്രേഡ്മാർക്ക് സ്വന്തമാക്കാൻ ഉദ്ദേശ്യമില്ലെന്നും സ്ഥാപനത്തിന്റെ അനുമതിയില്ലാതെ ഒരു ജൂനിയർ ഉദ്യോഗസ്ഥനാണ് ജിയോ സ്റ്റുഡിയോസിന്റെ പേരിൽ അപേക്ഷ നൽകിയതെന്നുമാണ് വിശദീകരണം.റിലയൻസിനു പുറമേ മുംബൈ സ്വദേശി മുകേഷ് ചേത്രാം അഗർവാൾ, വ്യോമസേനയിൽ നിന്നു വിരമിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ കമൽ സിങ് ഒബേർ, ഡൽഹി സ്വദേശിയായ അഭിഭാഷകൻ അലോക് കോത്താരി, ഉത്തം എന്നിവർ ഓപ്പറേഷൻ സിന്ദൂർ എന്ന കോഡിനും സിനിമ നിർമാതാവ് ടി.ജയരാജ് ‘ഓപ്പറേഷൻ സിന്ദൂർ–സിന്ദൂര യുദ്ധം’ എന്ന പേരിനുമാണ് ട്രേഡ്മാർക്ക് അപേക്ഷ നൽകിയത്. ബാലാക്കോട്ട് മിന്നലാക്രണത്തിനു പിന്നാലെ 2019 ൽ ‘ഉറി ദ് സർജിക്കൽ സ്ട്രൈക്ക്’ എന്ന സിനിമയിറങ്ങിയിരുന്നു. എന്നാൽ ‘സർജിക്കൽ സ്ട്രൈക്ക് ദ് സീക്രട്ട് മിഷൻ ഓഫ് ഇന്ത്യ’ എന്ന ട്രേഡ്മാർക്കിന് സോനു കിഷൻലാൽ ജെയ്ൻ നൽകിയ അപേക്ഷ റജിസ്ട്രി നിരസിച്ചു. 2019 ൽ പുൽവാമ ആക്രമണത്തിനു പിന്നാലെ പുൽവാമ: ദ് സർജിക്കൽ സ്ട്രൈക്ക്, ദി അറ്റാക്സ് ഓഫ് പുൽവാമ തുടങ്ങിയ ട്രേഡ്മാർക്കുകൾ റജിസ്റ്റർ ചെയ്തിരുന്നു. നിയമം ഇങ്ങനെ ട്രേഡ്മാർക്ക് ചട്ടം ക്ലാസ് 41 അനുസരിച്ച് ഇന്നലെ വൈകിട്ട് വരെ 6 അപേക്ഷകൾ റജിസ്ട്രിയിലെത്തി. സമാന വാക്കുകൾ നിലവിലുണ്ടെങ്കിലോ ആളുകൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രയോഗങ്ങളാണെങ്കിലോ സുരക്ഷാ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയോ ട്രേഡ്മാർക്കിന് അനുമതി നിരസിക്കാം. പ്രതിരോധാവശ്യത്തിന് സർക്കാർ ഉപയോഗിച്ച കോഡായതിനാൽ മറ്റുള്ളവർ ഉപയോഗിക്കുന്നതു തടയാമെന്ന് നിയമവിദഗ്ധർ പറയുന്നു. അപേക്ഷകൾ സ്വീകരിച്ചാൽ വാണിജ്യ മന്ത്രാലയത്തിന്റെ വീക്ലി ട്രേഡ്മാർക്ക് വാച്ച് ജേണലിൽ പ്രസിദ്ധീകരിക്കും. സാധാരണ ഗതിയിൽ ഇത്തരം അപേക്ഷകളിൽ തീരുമാനമെടുക്കാൻ 18–24 മാസമെടുക്കും. ട്രേഡ്മാർക്ക് ക്ലാസ് 41 ∙ സ്കൂളുകൾ, സർവകലാശാലകൾ, തൊഴിലധിഷ്ഠിത സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസത്തിനും പരീശീലനത്തിനും. ∙ സിനിമ, സംഗീതം, നാടകം, ലൈവ് ഷോ തുടങ്ങിയവയ്ക്ക്. ∙ ടൂർണമെന്റുകളോ പ്രദർശനങ്ങളോ പോലുള്ള കായിക, സാംസ്കാരിക പരിപാടികൾക്ക്. ∙ ഡൗൺലോഡ് ചെയ്യാൻ കഴിയാത്ത ഓൺലൈൻ ഉള്ളടക്കം പ്രസിദ്ധീകരിക്കാൻ.
Source link