സാധാരണ നായകളേക്കാള്‍ കരുത്തും അക്രമവാസനയും; തെരുവുനായകളുടെ ഈ സ്വഭാവത്തിന് കാരണം

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം വ്യാപിക്കുകയാണ്. തിരുവനന്തപുരത്ത് കൊല്ലം സ്വദേശിയായ ഏഴുവയസുകാരി പേവിഷബാധയേറ്റ് മരിച്ചതോടെ തെരുവുനായകളുടെ കാര്യത്തില്‍ ആശങ്ക വര്‍ദ്ധിക്കുകയാണ്. കേരളത്തില്‍ തെരുവ്നായ്ക്കളെ നിയന്ത്രിക്കാന്‍ നിരവധി കര്‍മ്മപദ്ധതികള്‍ തയ്യാറാക്കിയെങ്കിലും ഒന്നും വിജയം കണ്ടില്ല. വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളേക്കാള് അക്രമകാരികളാണെന്നതാണ് തെരുവുനായ്ക്കളെ അപകടകാരികളാക്കുന്നത്.
അതേസമയം, കേരളത്തിലെ തെരുവുകളില്‍ നായ്ക്കളുടെ എണ്ണം കൂടുന്നതിന് നിരവധി കാരണങ്ങളുണ്ട്. അതില്‍ പലതും മനുഷ്യന് തന്നെ വരുത്തിവയ്ക്കുന്നവയാണെന്നതാണ് മറ്റൊരു പ്രത്യേകത. പൊതുസ്ഥലത്ത് നിന്ന് നായ്ക്കള്‍ക്ക് വളരെ എളുപ്പത്തില്‍ ഭക്ഷണം കിട്ടുന്നതാണ് ഇതിലൊന്ന്. പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നതും ഒപ്പം വഴിയോര കടകളില്‍ നിന്നുള്ള അവശിഷ്ടങ്ങളും ചേരുമ്പോള്‍ അത് തെരുവ് നായ്ക്കള്‍ക്ക് മൂക്കുമുട്ടെ തിന്ന് വിലസാനുള്ള വകയായി മാറുന്നു.
വഴിയോരക്കടകളില്നിന്നുള്ള ഭക്ഷണാവശിഷ്ടം വേണ്ടതുപോലെ സംസ്കരിക്കുന്നില്ലെന്നും ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങുന്ന ഇവ ഭക്ഷിക്കുന്ന തെരുവുനായ്ക്കള്‍ക്ക് സാധാരണ നായ്ക്കളെക്കാള്‍ കരുത്തുണ്ടാകുന്നുവെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഭക്ഷണം തേടി ഇറങ്ങുന്ന ഇത്തരം നായ്ക്കള്‍ അപകടകാരികളായി മാറുകയാണ് ചെയ്യുന്നത്. അതോടൊപ്പം തന്നെ ഇറച്ചിക്കടകളില്‍ നിന്ന് ലഭിക്കുന്ന പച്ച മാംസത്തിന്റെ അവശിഷ്ടങ്ങളും ഇവയെ കൂടുതല്‍ അക്രമകാരികളാക്കുന്നു.
Source link