പാക്കിസ്ഥാന് തിരിച്ചടി: ഡാം അടച്ച് മറുപടി; ചെനാബിൽ വീണ്ടും ജലം തടഞ്ഞു

ന്യൂഡൽഹി ∙ ചെനാബ് നദിയിലെ ബഗ്‌ലിഹർ ഡാമിന്റെ ഷട്ടറുകൾ കഴിഞ്ഞ ദിവസം താഴ്ത്തിയതിനു പിന്നാലെ സലാൽ അണക്കെട്ടിന്റെ ഷട്ടറുകളും പൂർണമായി അടച്ച് പാക്കിസ്ഥാനെതിരായ ജലയുദ്ധം ഇന്ത്യ ശക്തമാക്കി. അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സേനാ വിഭാഗങ്ങളുടെ മുന്നൊരുക്കങ്ങളെക്കുറിച്ചു പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു ചർച്ച നടത്തി. തുടർച്ചയായ 11–ാം ദിവസവും നിയന്ത്രണരേഖയിൽ പ്രകോപനം തുടർന്ന പാക്കിസ്ഥാൻ ഇന്നലെ എട്ടിടങ്ങളിലാണ് വെടിവയ്പ് നടത്തിയത്. ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. കശ്മീരിലെ പൂഞ്ചിലെ വനമേഖലയിൽ ഭീകരരുടെ ഒളിത്താവളത്തിൽനിന്ന് സുരക്ഷാസേന സ്ഫോടകവസ്തുക്കളും വയർലെസ് സെറ്റുകളും കണ്ടെത്തി. ജല ഉപയോഗവുമായി ബന്ധപ്പെട്ടു പാക്കിസ്ഥാനുമായി ഉണ്ടായിരുന്ന കരാറുകൾ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ മരവിപ്പിച്ചതിന്റെ തുടർച്ചയായിട്ടാണ് ചെനാബിലെ ജലം നിയന്ത്രിച്ചുള്ള ഇന്ത്യയുടെ നീക്കം. പാക്കിസ്ഥാനിലെ കാർഷിക മേഖലയെ ഇതു കാര്യമായി ബാധിക്കുമെന്നാണു വിലയിരുത്തൽ. നേരത്തെ കരാർ നിലനിന്നിരുന്ന ഘട്ടത്തിൽ വേനൽക്കാലത്തും ഡാമിന്റെ ഷട്ടറുകൾ അടയ്ക്കാൻ അനുവദിച്ചിരുന്നില്ല. ഷട്ടറുകൾ അടച്ചതോടെ ജമ്മുവിലെ രസായി ജില്ലയിൽ ഉൾപ്പെടെ ജലത്തിന്റെ അളവു ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
Source link