വിജയക്കുതിപ്പുകളുടെ കസ്തൂരിരംഗൻ യുഗം

ഊഹാപോഹങ്ങൾക്കു നിന്നുകൊടുക്കാതെ, കാര്യങ്ങൾ വിശകലനം ചെയ്ത് വിലയിരുത്തുന്നതായിരുന്നു ഡോ.കെ.കസ്തൂരിരംഗന്റെ സ്വഭാവം. അതുകൊണ്ടാണ് ആദ്യം പരാജയപ്പെട്ട പിഎസ്എൽവി റോക്കറ്റിനെ പിന്നീട് തുടർച്ചയായ വിജയങ്ങളിലേക്കു നയിക്കാൻ അദ്ദേഹത്തിനായത്. 2 വർഷത്തിലൊരിക്കൽ ഒരു റോക്കറ്റ് വിക്ഷേപണം എന്നത് മാറി, ഒരു വർഷം 2 വിക്ഷേപണം എന്ന നിലയിലേക്കു നമ്മുടെ ശേഷി വർധിപ്പിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്.ഐഎസ്ആർഒ ചാരക്കേസ് ഉണ്ടായപ്പോൾ സ്ഥാപനത്തിന്റെ സൽപേരിനെ ബാധിക്കാത്ത വിധം അദ്ദേഹം നന്നായി കൈകാര്യം ചെയ്തു. ഐഎസ്ആർഒയിൽനിന്ന് ഒരാളും ഒരു ചാരപ്രവൃത്തിയും നടത്തിയിട്ടില്ലെന്ന് ഉറപ്പാക്കിയ അദ്ദേഹം പ്രധാനമന്ത്രി പി.വി.നരസിംഹറാവുവുമായി സഹകരിച്ച് തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ജീവനക്കാരുടെ മനോവീര്യം നഷ്ടമാകാതിരിക്കാൻ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏൽപിച്ച അദ്ദേഹം ഒരു വർഷത്തിനുള്ളിൽ അടുത്ത പിഎസ്എൽവി വിക്ഷേപണം ലക്ഷ്യമിട്ടു. എല്ലാവരും ജോലിയിൽ മുഴുകിയതോടെ മറ്റുകാര്യങ്ങൾ മറന്നു.ഭൂനിരീക്ഷണ ഉപഗ്രഹങ്ങളും അനുബന്ധ ഘടകങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടമേഖല. കൃഷി, വനവൽക്കരണം, ജലവിഭവം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽ ഉപഗ്രഹ വിവരങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നുവെന്ന് അദ്ദേഹം ഉറപ്പാക്കി. റോക്കറ്റും മറ്റു ഘടകങ്ങളും അദ്ദേഹം ഞങ്ങൾക്കു വിട്ടു. ഞാൻ വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്സി) ഡയറക്ടറായപ്പോൾ വലിയ വെല്ലുവിളിയുണ്ടായിരുന്നു. റഷ്യ ക്രയോജനിക് സാങ്കേതികവിദ്യ കൈമാറാൻ വിസമ്മതിച്ച കാലമായിരുന്നു അത്. തദ്ദേശീയമായ ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കാൻ തീരുമാനിച്ചു. അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇവിടെ തയാറാക്കാൻ കസ്തൂരിരംഗൻ നേതൃത്വം നൽകി. ജീവനക്കാർക്ക് ആവശ്യമായ പരിശീലനവും നൽകി.എല്ലാവരുടെയും ആശയങ്ങൾക്കു കാതോർത്ത അദ്ദേഹം അവയിൽ നല്ലതു തിരഞ്ഞെടുക്കാനും കൃത്യമായ തീരുമാനമെടുത്തു നടപ്പാക്കാനും തയാറായിരുന്നു. അദ്ദേഹത്തിന്റെ കാലത്തെ റോക്കറ്റ് വിക്ഷേപണങ്ങളും ഉപഗ്രഹ പദ്ധതികളുമെല്ലാം സമ്പൂർണ വിജയമായിരുന്നു. വ്യക്തിപരമായി ഞങ്ങൾ വളരെ അടുപ്പമായിരുന്നു. ഏതു സാഹചര്യത്തിലും അദ്ദേഹത്തെ വിളിക്കാം. 3 വർഷം മുൻപാണ് അവസാനമായി നേരിൽക്കണ്ടത്. 6 മാസം മുൻപ് അദ്ദേഹം ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്ത ശേഷം ഞങ്ങൾ ഫോണിൽ സംസാരിച്ചു.
Source link