ഇന്ത്യ – യുഎസ് വ്യാപാരക്കരാറിൽ നിർണായക പുരോഗതി കൈവരിക്കാനായെന്ന് ജെ.ഡി.വാൻസ്

ജയ്‌പുർ∙ ഇന്ത്യ –യുഎസ് വ്യാപാര കരാറിൽ നിർണായക പുരോഗതി കൈവരിക്കാനായെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. ചർച്ച ചെയ്ത വിഷയങ്ങൾക്കെല്ലാം അന്തിമരൂപം നൽകാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ജയ്‌പുരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു വാൻസ്. ‘‘ന്യായവും പങ്കാളിത്ത ദേശീയ താൽപര്യങ്ങളുമുള്ള രാജ്യങ്ങളെ വ്യാപാര പങ്കാളികളാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. കയറ്റുമതി വർധിപ്പിക്കുന്നതിനായി തൊഴിലാളികളുടെ വേതനം കുറയ്ക്കാത്ത, തങ്ങളുടെ തൊഴിലാളികളുടെ അധ്വാനത്തെ ബഹുമാനിക്കുന്ന വിദേശരാജ്യങ്ങളെയാണ് ഞങ്ങൾ അന്വേഷിക്കുന്നത്. വ്യാപാരത്തിനുള്ള ഒരു മാധ്യമം എന്നതിനപ്പുറത്ത് അമേരിക്കയുമായി ചേർന്നു പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരായ പങ്കാളികളെയാണ് ഞങ്ങൾക്കു വേണ്ടത്. ഈ സമയത്തിന്റെ ചരിത്രപരമായ സ്വഭാവം തിരിച്ചറിയുന്ന ആളുകളുമായും രാജ്യങ്ങളുമായും പങ്കാളികളാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സന്തുലിതവും തുറന്നതും സ്ഥിരതയുള്ളതും നീതിയുക്തവുമായ ഒരു പുതിയ ആഗോള വ്യാപാര സംവിധാനം കൊണ്ടുവരേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുന്ന രാജ്യങ്ങളുമായി കരാറിൽ ഏർപ്പെടാനാണ് താൽപപ്പെടുന്നത്. അമേരിക്കയുടെ പങ്കാളികൾ യുഎസ് സർക്കാരിനെ പോലെ കാര്യങ്ങൾ ചെയ്യേണ്ടതില്ലെങ്കിലും ചില പൊതുലക്ഷ്യങ്ങൾ ഉണ്ടാവണം. ഇന്ത്യയും യുഎസും തമ്മിൽ സാമ്പത്തിക കാര്യങ്ങളിലും ദേശീയ സുരക്ഷയുമായും ബന്ധപ്പെട്ട കാര്യങ്ങളിലുമാണ് പൊതുലക്ഷ്യങ്ങൾ ഉള്ളത്. അതുകൊണ്ടാണ് ഇന്ത്യയിലെത്താൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നത്. അമേരിക്കയുടെ സുഹൃത്താണ് ഇന്ത്യ. ഇരു രാജ്യങ്ങളും പങ്കിടുന്ന ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നു’’ – വാൻസ് പറഞ്ഞു.
Source link