സിസിടിവിയുണ്ടെന്ന് മനസിലാക്കി പ്രതിയുടെ നീക്കം, കൊല നടത്തിയത് അസം സ്വദേശി? പൊലീസ് ചോദ്യം ചെയ്യുന്നു

കോട്ടയം തിരുവാതിക്കലിൽ ഇരട്ടക്കൊലപാതകം നടന്ന വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു. ഫോട്ടോ: സെബിൻ ജോർജ്
കോട്ടയം: കേരളത്തെ നടുക്കിയ തിരുവാതുക്കൽ ഇരട്ടക്കൊലയ്ക്ക് പിന്നിൽ ഇതര സംസ്ഥാന തൊഴിലാളിയായ അമിത് ആണെന്ന് സംശയം. ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുകയാണ്. മാസങ്ങൾക്ക് മുമ്പ് സ്വഭാവദൂഷ്യം കാരണം ഇയാളെ വിജയകുമാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഫോൺ മോഷ്ടിച്ചതിനാണ് തൊഴിലാളിയെ വിജയകുമാർ പിരിച്ചുവിട്ടതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്ന ഡിവിആർ ( ഡിജിറ്റൽ വീഡിയോ റെക്കോർഡർ) മോഷ്ടിച്ചിട്ടാണ് പ്രതി കടന്നുകളഞ്ഞത്. വീട്ടിലെ ജോലിക്കാരനായതിനാൽ സിസിടിവിയുണ്ട് എന്ന് മനസിലാക്കിയാണ് പ്രതിയുടെ നീക്കമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പിരിച്ചുവിട്ടതിലെ വ്യക്തി വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്ന് കോട്ടയം എസ്പി ഷാഹുൽ ഹമീദ് പറഞ്ഞു.
വിജയകുമാറിന്റെയും മീരയുടെയും മുഖം വികൃതമാക്കിയ നിലയിലായിരുന്നു. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകളുമുണ്ട്. രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് വ്യക്തമാക്കുന്നു. വീടിന്റെ രണ്ട് മുറികളിലായാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങളിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. തലയിൽ അടിയേറ്റ നിലയിലാണ് വിജയകുമാറിന്റെ മൃതദേഹം. കോടാലി ഉൾപ്പടെയുള്ള ആയുധങ്ങൾ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മോഷണത്തിന് വേണ്ടി നടത്തിയ കൊലപാതകമായിരുന്നില്ല ഇതെന്ന നിഗമനത്തിലാണ് പൊലീസ്. വീടിന്റെ പിൻവാതിൽ അമ്മിക്കല്ല് ഉപയോഗിച്ച് തകർത്താണ് കൊലയാളി അകത്തുകയറിയത്.
Source link