പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റം; പകരച്ചുങ്കം 245 ശതമാനമാക്കി ട്രംപിന്റെ ‘പ്രത്യാക്രമണം’, കാത്തിരിക്കുന്നത് വൻ വീഴ്ച?

ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയും ആഗോള വാണിജ്യ, വ്യവസായ ഭൂപടത്തിലെ നിർണായകശക്തിയുമായ ചൈനയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 2025ന്റെ ആദ്യ ത്രൈമാസമായ ജനുവരി-മാർച്ചിൽ 5.4 ശതമാനം വളർന്നു. 5.1 ശതമാനം വരെ വളർച്ചയാണ് റോയിട്ടേഴ്സ് ഉൾപ്പെടെ പ്രവചിച്ചിരുന്നത്. മുങ്ങുന്ന സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ കുതിപ്പേകാനായി ചൈനീസ് ഭരണകൂടവും കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയും നടപ്പാക്കിയ ഉത്തേജക പദ്ധതികളാണ് ജിഡിപിക്ക് കരുത്തായതെന്നാണ് വിലയിരുത്തൽ. മാർച്ചിൽ റീട്ടെയ്ൽ വിൽപന 5.9 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. ഇതും അനലിസ്റ്റുകൾ പ്രതീക്ഷിച്ച 4.2 ശതമാനത്തെ കടത്തിവെട്ടി.വ്യാവസായിക ഉൽപാദന വളർച്ച 5.8 ശതമാനം പ്രതീക്ഷിച്ചിടത്ത് 7.7 ശതമാനമായി എന്നതും ചൈനയ്ക്ക് വൻ ആശ്വാസമാണ്. 2021 ജൂണിനുശേഷമുള്ള ഏറ്റവും മികച്ച വളർച്ചയാണിത്. ഫിക്സഡ് അസറ്റ് നിക്ഷേപം 4.1 ശതമാനമെന്ന അനുമാനത്തേക്കാൾ മെച്ചപ്പെട്ട് 4.2 ശതമാനമാണ്. അതേസമയം, സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ റിയൽ എസ്റ്റേറ്റ് രംഗം 9.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയതെന്നത് ആശങ്കയായി തുടരുന്നു. നഗരങ്ങളിലെ തൊഴിലില്ലായ്മനിരക്ക് ഫെബ്രുവരിയിൽ രണ്ടുവർഷത്തെ ഉയരമായ 5.4 ശതമാനമായിരുന്നു. മാർച്ചിൽ ഇത് 5.2 ശതമാനത്തിലേക്ക് നേരിയതോതിൽ താഴ്ന്നതും നേട്ടമാണ്.
Source link