അഹമ്മദാബാദ് പ്രമേയം ജനത്തിലെത്തിക്കാൻ കോൺഗ്രസ്; ഡിസിസി അധ്യക്ഷർക്കു നേരിട്ടു കത്തയച്ച് എഐസിസി

ന്യൂഡൽഹി ∙ അഹമ്മദാബാദ് എഐസിസി സമ്മേളനം അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തിനു വ്യാപകപ്രചാരം നൽകാൻ താഴെത്തട്ടിലെ നേതാക്കൾക്കു കോൺഗ്രസ് നിർദേശം നൽകി. പ്രമേയത്തെക്കുറിച്ചു ഡിസിസി പ്രസിഡന്റുമാരുൾപ്പെടെ റീലുകൾ തയാറാക്കുകയും ലേഖനങ്ങൾ എഴുതുകയും വേണം. സന്ദേശം പ്രാദേശികഭാഷയിൽ തയാറാക്കണമെന്നതുൾപ്പെടെ നിർദേശങ്ങളുമായി സംസ്ഥാന അധ്യക്ഷർ, പ്രതിപക്ഷനേതാക്കൾ, ഡിസിസി അധ്യക്ഷർ എന്നിവർക്കു കത്തയച്ചു. ഡിസിസി അധ്യക്ഷർക്ക് എഐസിസി നേരിട്ടു കത്തു കൈമാറിയെന്നതു പ്രധാന മാറ്റമാണ്. ഡിസിസികളുമായി നേരിട്ട് ആശയവിനിമയം നടത്തുമെന്നു ദേശീയ കൺവൻഷനിൽ പ്രഖ്യാപിച്ചിരുന്നു.പ്രമേയത്തിനു പ്രചാരം നൽകുന്നതിനു സംസ്ഥാനഘടകങ്ങൾ പരിശീലനപരിപാടി സംഘടിപ്പിക്കണം. ഇതിൽ എല്ലാ ഡിസിസി അധ്യക്ഷരും പങ്കെടുക്കണം. ജില്ലാ പ്രവർത്തകസമ്മേളനം വിളിച്ചുചേർക്കാൻ ഡിസിസികൾക്കും നിർദേശമുണ്ട്. ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷർ, ബൂത്ത് കമ്മിറ്റി അധ്യക്ഷർ, മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, വിദ്യാർഥി യൂണിയൻ, സേവാദൾ എന്നിവയുടെ ജില്ലാ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കണം.
Source link