BUSINESS

ആശ്വാസമുന്നേറ്റം നേടി വിപണി, ഇന്ത്യ വിക്സ് 10% കുറഞ്ഞു: ഇനി പ്രതീക്ഷ തീരുവ ചർച്ചകളിൽ


ചൈന ഒഴികെയുള്ള രാജ്യങ്ങളുടെ റെസിപ്രോക്കൽ താരിഫുകൾ മൂന്ന് മാസത്തേക്ക് മരവിപ്പിക്കുന്നു എന്ന വ്യാജവാർത്തയുടെ പിൻബലത്തിൽ ഇന്നലെ തിരിച്ചു കയറിത്തുടങ്ങിയ അമേരിക്കൻ വിപണി മിക്സഡ് ക്ളോസിങ് നടത്തിയതോടെ ഇന്ന് മറ്റ് വിപണികളും നേട്ടം കുറിച്ചു. ചൈനക്കെതിരെ വീണ്ടും 50% താരfഫ് എന്ന ഭീഷണി മുഴക്കിയ അമേരിക്കയുമായി യൂറോപ്യൻ യൂണിയനും ജപ്പാനും ചർച്ചക്ക് സന്നദ്ധമായതും വിപണിയെ സ്വാധീനിച്ചു. ജാപ്പനീസ് വിപണി ഇന്ന് 6% മുന്നേറ്റം നേടി. ചൈന പോസിറ്റീവ് ക്ളോസിങ് നടത്തിയപ്പോൾ ജർമനിയും, ഫ്രാൻസും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ ഫ്യൂച്ചറുകളും ഇന്ന് നേട്ടത്തിൽ വ്യാപാരം തുടരുന്നു.. 22700 പോയിന്റിലെ കടമ്പ കടക്കാനാകാതെ നിഫ്റ്റിയുടെ ഇന്നത്തെ നേട്ടം 1.69%ൽ 22535 പോയിന്റിൽ ഒതുങ്ങി. സെൻസെക്സ് 1089 പോയിന്റ് നേട്ടത്തിൽ 74227 പോയിന്റിലും ക്ളോസ് ചെയ്തു. നിഫ്റ്റി മിഡ്-സ്‌മോൾ ക്യാപ് സൂചികകളും, നിഫ്റ്റി നെക്സ്റ്റ്-50യും 2%ൽ കൂടുതൽ നേട്ടമുണ്ടാക്കിയത് നിക്ഷേപകരുടെ നഷ്ട വ്യാപ്തി കുറച്ചു. ഇന്ത്യ വിക്സ് ഇന്ന് 10% കുറഞ്ഞു. 


Source link

Related Articles

Back to top button