KERALAM

‘പാടിയത് ദേശഭക്തിഗാനം’; കൊല്ലത്ത് ക്ഷേത്രത്തിലെ ഗാനമേളയിൽ ഗണഗീതം ആലപിച്ചതിൽ വിശദീകരണം

കൊല്ലം: കൊല്ലത്തെ കോട്ടുക്കൽ മഞ്ഞിപ്പുഴ ഭദ്രകാളി ക്ഷേത്രത്തിൽ നടന്ന ഗാനമേളയ്ക്കിടെ ആർഎസ്എസ് ഗണഗീതം പാടിയെന്ന പരാതിയിൽ കടയ്ക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുളള ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി നടന്ന ഗാനമേളയാണ് വിവാദത്തിലായത്. സംഭവത്തിൽ ദേവസ്വം ബോർഡ് ദേവസ്വം അസിസ്റ്റന്റ് കമ്മീഷ്ണറെയും അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതിയും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പരാതി നൽകിയതെന്നും ദേശഭക്തി ഗാനമാണ് പാടിയതെന്നുമാണ് ഉപദേശക സമിതി പ്രസിഡന്റ് ശ്രീജേഷ് പ്രതികരിച്ചിരിക്കുന്നത്. ഗാനമേളയ്ക്കെതിരെ കോട്ടുക്കൽ സ്വദേശി പ്രതിനാണ് പൊലീസിൽ പരാതി നൽകിയത്. ക്ഷേത്ര പരിസരത്ത് ആർഎസ്എസിന്റെ കൊടിതോരണങ്ങൾ കെട്ടിയതിൽ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശിയും പരാതി നൽകിയിട്ടുണ്ട്.

ക്ഷേത്രോത്സവത്തിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നാണ് പ്രതിപക്ഷനേതാവ് വിഡി സതീശന്റെ പ്രതികരണം. ഹൈക്കോടതി വിധിയുടെ ലംഘനമാണ് നടന്നതെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും അടിയന്തര നടപടി സ്വീകരിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങളുടെ വിശദീകരണം. കോട്ടുക്കലിലെ ടീം ഛത്രപതി എന്ന സംഘമാണ് ഗാനമേള സ്പോൺസർ ചെയ്തത്. അവർ നേരത്തെ തന്നെ ഈപാട്ട് പാടണമെന്ന് നിർദ്ദേശിച്ചിരുന്നതായും ഗാനമേള ട്രൂപ്പ് അധികൃതർ പറയുന്നു. ആർഎസ്എസുമായി ബന്ധപ്പെട്ട രണ്ടു പാട്ട് പാടണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ അതിലൊന്ന് തങ്ങൾക്ക് അറിയില്ലെന്ന് മറുപടി നൽകിയിരുന്നു. നാഗർകോവിൽ ബേർഡ്സ് എന്ന ഗാനമേള ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്.

കഴിഞ്ഞ മാസവും കൊല്ലം കടയ്ക്കൽ ദേവീക്ഷേത്രത്തിലും സമാന സംഭവം അരങ്ങേറിയിരുന്നു. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയിൽ ഗായകൻ അലോഷി സിപിഎം ഗാനം ആലപിച്ചതും വിവാദത്തിലായിരുന്നു. ഗാനമേളയുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ പരാതികളുയരുകയായിരുന്നു. സംഭവത്തിൽ ഗായകൻ അലോഷിക്കെതിരെയും സംഘാടകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.


Source link

Related Articles

Back to top button