അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന വിഡിയോയിൽ പോപ് ഗാനം; ‘പൈശാചികം’, വൈറ്റ് ഹൗസിനെതിരെ വിമര്‍ശനം

വാഷിങ്ടൻ ∙ പോപ് ഗാനത്തിന്റെ പശ്ചാത്തലത്തിൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വൈറ്റ്ഹൗസിന്റെ നടപടി വിവാദത്തിൽ. നാടുകടത്താനായി അനധികൃത കുടിയേറ്റക്കാരെ വരിവരിയായി കൊണ്ടുപോകുന്നതിന്റെ വിഡിയോയ്ക്കൊപ്പം ‘നാ നാ ഹേ ഹേ ഗുഡ്ബൈ’ എന്ന 1983ലെ ഹിറ്റ് പോപ് ഗാനം ചേർത്തുള്ള വൈറ്റ് ഹൗസിന്റെ എക്സിലെ പോസ്റ്റാണ് വിമർശനത്തിനു കാരണമായത്. മനുഷ്യത്വമില്ലാത്ത നടപടിയാണ് യുഎസ് സർക്കാരിന്റേതെന്ന് സമൂഹമാധ്യമങ്ങളിലും വിമർശനമുയർന്നു. കുടിയേറ്റക്കാരുടെ യാതനകളെ പരിഹരിക്കുന്ന പ്രവൃത്തിയാണ് വൈറ്റ്ഹൗസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് മനുഷ്യാവകാശ സംഘടനകളും ആരോപിച്ചു. ‘പൈശാചികമായ പ്രവൃത്തിയാണിത്. നിങ്ങളെക്കുറിച്ച് നാണക്കേടു തോന്നുന്നു’ എക്സിൽ ഒരാൾ കുറിച്ചു. ഭരണകൂടം സ്പോൺസർ ചെയ്യുന്ന മനുഷ്യത്വമില്ലായ്മയെ സംഗീതം ഉപയോഗിച്ച് പ്രചരിപ്പിക്കുന്നുവെന്നായിരുന്നു മറ്റൊരാളുടെ വിമർശനം. ക്രൂരതയെ ഗെയിം ഷോ പോലെ ആഘോഷിക്കുന്നെന്നും കമന്റുകളുണ്ട്.അതേസമയം, മെക്സിക്കോയുമായുള്ള തെക്കൻ അതിർത്തിയിലൂടെയുള്ള അനധികൃത കടന്നുകയറ്റം വലിയതോതിൽ കുറയ്ക്കാനായെന്ന വാദമുന്നയിച്ച് വിഡിയോയെ വൈറ്റ് ഹൗസ് ന്യായീകരിച്ചു. ‘മാർച്ചിൽ വെറും 7,181 അനധികൃത കുടിയേറ്റക്കാരെ മാത്രമാണ് യുഎസ് ബോർഡർ പട്രോൾ പിടികൂടിയത്. 2024നേക്കാളും 95 ശതമാനവും 2022നേക്കാൾ 97 ശതമാനവും കുറവാണിത്’–വൈറ്റ് ഹൗസിന്റെ പ്രസ്താവനയിൽ പറയുന്നു.
Source link