നൈജീരിയയിൽ തോക്കുധാരികൾ 52 പേരെ വെടിവച്ചുകൊന്നു

അബൂജ: നൈജീരിയയിൽ തോക്കുധാരികളുടെ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയിൽ മധ്യ നൈജീരിയയിലെ പ്ലാറ്റോയിലെ ബൊക്കോസ് തദ്ദേശ സ്വയംഭരണ മേഖലയിലായിരുന്നു ആക്രമണം. തോക്കുമായി എത്തിയ അക്രമികൾ ആളുകൾക്ക് നേരേ വെടിയുതിർക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്തു. വ്യാഴാഴ്ചമാത്രം 31 പേരെ ഒരുമിച്ച് മറവുചെയ്തെന്ന് ബൊക്കോസ് കൾച്ചറൽ ഡെവലപ്മെന്റ് കൗൺസിൽ വാൻഗാർഡ് തലവൻ ഫാർമസം ഫുഡാംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂട്ടക്കുരുതിക്ക് കാരണമെന്താണെന്ന് അറിവായിട്ടില്ല.
സെൻട്രൽ നൈജീരിയയിലെ പ്ലാറ്റോ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആക്രമണം നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് ബൊക്കോസ്. പ്ലാറ്റോയുടെ വടക്ക് മുസ്ലിം ഭൂരിപക്ഷ പ്രദേശവും തെക്ക് ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശവുമാണ്.
Source link