മുനമ്പം ജുഡീഷ്യൽ കമ്മിഷൻ: പ്രശ്നം പരിഹരിക്കാനാണ് ശ്രമമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി ∙ മുനമ്പത്തെ ഭൂമി പ്രശ്നം പരിഹരിക്കുന്നതിന് പോംവഴികൾ കണ്ടെത്താനാണ് ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചതെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ പൊതുതാൽപര്യം മുന്‍നിര്‍ത്തിയാണ് ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനമെന്ന് സർക്കാർ വ്യക്തമാക്കി. ക്രമസമാധാന വിഷയം എന്ന നിലയിലും ഇതിനെ കണക്കാക്കേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി. മുനമ്പം ഭൂമി പ്രശ്നത്തിൽ സർക്കാർ ജൂഡീഷ്യൽ കമ്മിഷനെ നിയോഗിച്ചത് റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ഡിവിഷൻ ബെഞ്ച്. ജുഡീഷ്യൽ കമ്മിഷന്റെ പ്രവർത്തനാനുമതിയുടെ കാര്യത്തിൽ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച ഉത്തരവിടും. മുനമ്പത്തെ ഭൂമിപ്രശ്‌നം പരിഹരിക്കാൻ പോംവഴികളുണ്ടെന്ന് സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി. മുനമ്പത്ത് ഭൂമി ഏറ്റെടുക്കാനുള്‍പ്പെടെ സർക്കാരിന് അധികാരമുണ്ട്. പ്രശ്‌നപരിഹാരത്തിനായി ആവശ്യമെങ്കില്‍ നിയമ നിര്‍മാണം നടത്തും. വഖഫ് ട്രൈബ്യൂണലിലെ നടപടികളും ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാ വിഷയങ്ങളും വ്യത്യസ്തമാണ്. എങ്ങനെ പ്രശ്‌നം പരിഹരിക്കാമെന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. വസ്തുതകള്‍ പരിശോധിക്കാനാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചത്. റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുന്‍പ് നിയമനത്തില്‍ സിംഗിള്‍ ബെഞ്ച് ഇടപെട്ടത് നിയമപരമല്ല. മുനമ്പത്തെ ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കം കമ്മിഷന്റെ പരിഗണനാ വിഷയത്തില്‍ ഇല്ല. കമ്മിഷൻ ശുപാര്‍ശകള്‍ അംഗീകരിക്കാൻ ബാധ്യതയില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.സി.എൻ.രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മിഷനായി നിയോഗിച്ചത് നേരത്തെ സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. മുനമ്പം വിഷയത്തിൽ കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയായിരുന്നു കോടതിയിൽ നിന്നുണ്ടായ തിരിച്ചടി. ഇതോടെ കമ്മിഷൻ പ്രവർത്തനം അവസാനിപ്പിച്ചു. കമ്മിഷന്റെ കാലാവധി മേയ് 27ന് അവസാനിക്കുമെന്നും അതിനു മുൻപ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷനെ അനുവദിക്കണം എന്നുമാണ് സർക്കാർ ആവശ്യപ്പെട്ടത്.
Source link