LATEST NEWS

പുഴയിൽ നീന്തുന്നതിനിടെ 22കാരൻ ഒഴുക്കിൽപ്പെട്ടു, രക്ഷിക്കാൻ ശ്രമിച്ച് മാതൃസഹോദരൻ; ഇരുവർക്കും ദാരുണാന്ത്യം


കോതമംഗലം∙ ആലുവയിൽ നിന്നെത്തിയ വിനോദസഞ്ചാര സംഘത്തിലെ ബന്ധുക്കളായ 2 പേർ വടാട്ടുപാറ പലവൻപുഴയിൽ മുങ്ങിമരിച്ചു. ആലുവ എടത്തല പേങ്ങാട്ടുശേരി വടക്കേതോലക്കര പരേതനായ അഹമ്മദിന്റെയും മിസിരിയയുടെയും മകൻ സിദ്ദീഖ് (42), സഹോദരിപുത്രനും മിലിറ്ററി റിട്ട. ഉദ്യോഗസ്ഥൻ കാലടി പിരാരൂർ മല്ലശേരി ഹമീദിന്റെയും കാഞ്ഞൂർ പഞ്ചായത്ത് അസി. എൻജിനീയർ ഷെമീനയുടെയും മകനുമായ അബു ഫായിസ് (22) എന്നിവരാണു മരിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. പുഴയിൽ നീന്തുന്നതിനിടെ അബു ഫായിസ് ഒഴുക്കിൽപെട്ടു. ഫായിസിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ സിദ്ദീഖും മുങ്ങിപ്പോവുകയായിരുന്നു. 25 അംഗ സംഘം 4 വാഹനങ്ങളിലായി ഉച്ചയോടെയാണു വടാട്ടുപാറയിൽ എത്തിയത്. പുഴയിലും കരയിലുമായി അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും മറ്റു പ്രദേശങ്ങളിൽ നിന്നെത്തിയവരും ഉൾപ്പെടെ ഒട്ടേറെപ്പേർ അപകടത്തിനു ദൃക്സാക്ഷികളായിരുന്നെങ്കിലും ശക്തമായ ഒഴുക്ക് രക്ഷാപ്രവർത്തനം അസാധ്യമാക്കി.കോതമംഗലത്തു നിന്നെത്തിയ അഗ്നിരക്ഷാസേനയും കുട്ടമ്പുഴ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെടുത്ത മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കബറടക്കം ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം. സിദ്ദീഖിന്റെ ഭാര്യ: സാബിയത്ത്. മക്കൾ: അഫ്രിൻ, ഹയറിൻ. അങ്കമാലി ഫിസാറ്റിൽ എംടെക് വിദ്യാർഥിയാണു ഫായിസ്. സഹോദരൻ: മുഹമ്മദ് ഫാദിൽ.


Source link

Related Articles

Back to top button