KERALAM

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ; ഈദ്ഗാഹുകളിലും പള്ളികളിലും നമസ്‌കാരം, ആഘോഷത്തിൽ വിശ്വാസികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിനു ശേഷം ശുദ്ധീകരിക്കപ്പെട്ട മനസും ഹൃദയവുമായാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്. നാളിതുവരെ ചെയ്ത അധാർമിക പ്രവൃത്തികൾക്കും തിന്മകൾക്കും സ്രഷ്ടാവിനോട് പശ്ചാത്താപം ചെയ്തും മറ്റുള്ളവരോട് മാപ്പപേക്ഷിച്ചും തെളിഞ്ഞ ഹൃദയവുമായാണ് ഓരോരുത്തരും പെരുന്നാളിനെ വരവേൽക്കുന്നത്. ഈദ്ഗാഹ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പെരുന്നാൾ നമസ്‌കാരം നടന്നു. പുതുവസ്ത്രമണിഞ്ഞ് പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവച്ചുമാണ് ഓരോരുത്തരും വീടുകളിലേക്ക് മടങ്ങിയത്.

ലഹരി ഉൾപ്പെടെയുള്ള അനേകം സാമൂഹ്യ വിപത്തുകൾ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന കാലമാണിത്. സമാധാന ജീവിതത്തെ ഹനിക്കുന്ന ഈ അധാർമിക പ്രവണതകൾക്കെതിരെ പോരാടാനുള്ള അവസരമായി പെരുന്നാൾ ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

‘തലമുറ വ്യത്യാസമില്ലാതെ കുട്ടികളെയും കൗമാരപ്രായക്കാരെയും യുവാക്കളെയും സൽപ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും വിപത്തുകൾക്കെതിരെ നീങ്ങാനും പ്രേരിപ്പിക്കണം. ആശുപത്രികൾ, വയോജന കേന്ദ്രങ്ങൾ, തെരുവുകളിൽ കഴിയുന്നവർ ഉൾപ്പെടെ നമുക്കു ചുറ്റുമുള്ള മുഴുവൻ ജനങ്ങൾക്കും ആവശ്യമായതു നൽകി ആഘോഷങ്ങളുടെ സാമൂഹികത നമുക്ക് ഉറപ്പുവരുത്താം. നോമ്പ് നൽകിയ ആത്മീയ വിശുദ്ധിയിൽ ആഘോഷിക്കുന്ന ഈ പെരുന്നാൾ സുദിനത്തിൽ ലഹരി വിരുദ്ധ, അക്രമ വിരുദ്ധ പ്രതിജ്ഞയെടുത്ത് നമുക്ക് നല്ല മനുഷ്യരാവാൻ ശീലിച്ചുതുടങ്ങാം’- അദ്ദേഹം പറഞ്ഞു.

അതേസമയം, ആഘോഷങ്ങൾ അതിരുവിടരുതെന്നും പുരോഹിതരും പണ്ഡിതരും പ്രത്യേകം നിർദ്ദേശിക്കുന്നു. പെരുന്നാൾ ദിനത്തിൽ ബൈക്കുമായി റോഡിൽ അഭ്യാസത്തിനിറങ്ങുന്ന യുവാക്കൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.


Source link

Related Articles

Back to top button